പിണറായി സര്‍ക്കാരിന്റെ കാലത്ത് എത്ര താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി. കഴിഞ്ഞ മൂന്ന് പത്രസമ്മേളനങ്ങളിലും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. യു.ഡി.എഫ് കാലത്തെ നിയമനങ്ങളുടെ കണക്ക് വിശദീകരിക്കുമ്പോഴും ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് മറച്ച് പിടിക്കുകയാണ്.
നിയമനവിവാദം തുടങ്ങി ഉദ്യോഗാര്‍ത്ഥികള്‍ സമരം ആരംഭിച്ച ശേഷം മുഖ്യമന്ത്രി ആദ്യമായി മാധ്യമങ്ങളെ കണ്ട ശേഷം ഈ സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താത്കാലികമായി എടുത്ത ജീവനക്കാര്‍ എത്ര എന്ന കണക്ക് ഇപ്പോള്‍ തന്റെ കയ്യിലില്ല. അത് പിന്നീട് ഒരു അവസരത്തില്‍ നമുക്ക് പറയാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഈ മാസം പത്താം തീയതിയായിരുന്നു അത്.
തിങ്കളാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ കണക്ക് വിശദീകരിച്ചെങ്കിലും ഇപ്പോഴത്തെ കണക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല.
ഇന്നലെ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഇതേ ചോദ്യത്തിന്, തനിക്ക് ഓര്‍മയുണ്ട് എത്ര ആളുകളെന്ന്, അത് താന്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറയാം, എത്ര ആളുകളെയാണ് നിയമിച്ചത് -എന്നായിരുന്നു മുഖ്യമന്ത്രി നല്കിയ മറുപടി.
താത്കാലിക്കാരെ സ്ഥിരപ്പെടുത്തത് സര്‍ക്കാര്‍ നിര്‍ത്തിവെച്ചെങ്കിലും കഴിഞ്ഞ നാലേ മുക്കാല്‍ വര്‍ഷത്തിനിടെ എത്ര താത്കാലിക്കാരെ സ്ഥിരപ്പെടുത്തിയെന്ന ചോദ്യത്തിന് മുഖ്യമന്ത്രി മൌനം തുടരുകയാണ്.