India Kerala

കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി

പാലാരിവട്ടത്ത് കുഴിയിൽ വീണു മരിച്ച യുവാവിന്റെ കുടുംബത്തോടു മാപ്പുപറഞ്ഞ് ഹൈക്കോടതി. കുഴി അടയ്ക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. 2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹര്‍ജി കോടതിയുടെ മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ യുവാവ് വീണ് മരിച്ച സംഭവത്തില്‍ പാലാരിവട്ടം സ്വദേശിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ രണ്ട് ഹര്‍ജികളും പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.

യുവാവിന്റെ മരണം ദൗർഭാഗ്യകരമെന്ന് കോടതി പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തോട് എല്ലാവർക്കുമായി ക്ഷമചോദിക്കുന്നു. നടപ്പാതകളുടെ അവസ്ഥ ശോചനീയമാണ്. കുഴിയിൽ വീണ് ഇനിയും മരണം ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ഇങ്ങനെയെങ്കിൽ കോടതി ഉത്തരവുകൾ എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. കാറില്‍ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാവില്ല. ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള വിശ്വാസം കോടതിക്ക് നഷ്ടമായി”. മാത്രമല്ല യുവാവിന്റെ ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍ മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. റോഡ് നന്നാക്കാൻ ഇനി എത്രപേർ മരിക്കണമെന്നും കോടതി ചോദിച്ചു. സർക്കാർ സംവിധാനം പൂർണ പരാജയമാണെന്നും കോടതി വിമർശിച്ചു.