India Kerala

സംസ്ഥാനം ഇന്നും ചുട്ടുപൊള്ളും

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിലാണ് സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഉള്ളത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഉയര്‍ന്ന താപനിലക്കുള്ള മുന്നറിയിപ്പ്. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ 37 ഡിഗ്രിയെക്കാള്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. ചൂട് കൂടുന്നത് സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. പകല്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവരും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്, നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം, അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം എന്നിവയാണ് ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍.

നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, തുടങ്ങി നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കണം. ചൂട് മൂലം തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും നിര്‍ദ്ദേശത്തിലുണ്ട്.