Kerala

സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്, തടയാൻ എന്ത് നടപടി സ്വീകരിച്ചു; വിമർശിച്ച് ഹൈക്കോടതി

ദേശീയ പണിമുടക്കിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ പണി മുടക്കരുതെന്ന് മുൻ കോടതി ഉത്തരവുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം താളംതെറ്റിയിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണ്ണമാണ്.പണിമുടക്കില്‍ നിന്ന് വിട്ടുനിന്നതോടെ പാലക്കാട് കഞ്ചിക്കോട്ടെ കമ്പനിക്ക് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം നടത്തുകയാണ്. കഞ്ചിക്കോട് ഇന്‍ഫ്രാ പാര്‍ക്കില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ തിരിച്ചയച്ചു. മലപ്പുറം എടവണ്ണപ്പാറയില്‍ തുറന്ന കടയ്ക്ക് മുന്നില്‍ സമരക്കാരുടെ പ്രതിഷേധമുണ്ടായി. എടവണ്ണപ്പാറയിലെ ഫാമിലി ഷോപ്പിനെതിരെയാണ് സമരക്കാര്‍ പ്രതിഷേധിക്കുന്നത്.

വാണിജ്യ വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ വാഹന മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനത്തെ ജനജീവിതം സ്തംഭിച്ചു. മലപ്പുറം മഞ്ചേരിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് പണിമുടക്കുന്ന തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം ആരംഭിച്ചു. ഇടുക്കിയില്‍ പണിമുടക്ക് ഏതാണ്ട് പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ഹൈറേഞ്ചില്‍ ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.