Kerala

‘അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്കോ ഷോപ്പുകള്‍ പൂട്ടി ? സർക്കാരിനോട് ഹൈക്കോടതി’

മദ്യശാലകളിലെ തിരക്കിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്കോ ഷോപ്പുകള്‍ എത്രയെണ്ണം പൂട്ടിയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ബെവ്കോ ഷോപ്പുകളിലെ തിരക്ക് ഇപ്പോഴുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് കേസ് വീണ്ടും പരി​ഗണിച്ചത്. ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് സാധിച്ചില്ല. വിഷയത്തിൽ നടപടികൾ ആരംഭിച്ചുവെന്നും, ചില ഷോപ്പുകൾ പൂട്ടിയെന്നുമാണ് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ അറിയിച്ചത്. സർക്കാർ വേണ്ടത് ചെയ്യുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുതെന്നും കോടതി പറഞ്ഞു.

അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. കേസ് സെപ്തംബര്‍ 16ലേക്ക് മാറ്റി.