Kerala

പ്രതിപക്ഷ നേതാവ് : ഹൈക്കമാൻഡ് നിലപാട് നിർണായകം

പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയെ നിലനിർത്താൻ എ-ഐ ഗ്രൂപ്പ് സമാവയത്തിലെത്തിയെങ്കിലും ഹൈക്കമാൻഡ് നിലപാട് നിർണായകമാകും. ദയനീയ തോൽവിക്ക് ശേഷവും പ്രതിപക്ഷ നേതാവ് പദവിയിൽ മാറ്റം വേണ്ടെന്ന നിലപാടിന് മുമ്പിൽ ഹൈക്കമാൻഡ് വഴങ്ങുമോ എന്നാണ് ചോദ്യം. ഗ്രൂപ്പ് മാനേജർമാരുടെ തീരുമാനത്തെ മറികടന്നും ഭൂരിഭാഗം എം.എൽ.എമാർ അടിമുടി മാറ്റം ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. രമേശിനെ പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിൻ്റെ നാടകീയ നീക്കം. സ്വന്തം ഗ്രൂപ്പിനുളളിൽ നിന്ന് പൂർണ പിന്തുണ രമേശിന് കിട്ടാത്ത സാഹചര്യത്തിൽ എല്ലാം ചേർന്ന കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗത്തിലെ നീക്കങ്ങളിൽ ഹൈക്കമാൻ്റ് എടുക്കുന്ന നിലപാട് നിർണായകമാവും.

അടിമുടി മാറ്റമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാകുമ്പോഴും ഗ്രൂപ്പ് മാനേജർമാർ തമ്മിലെ ധാരണ നൽകുന്ന സന്ദേശം എല്ലാം ഗ്രൂപ്പ് സമവാക്യം പാലിച്ച് മതിയെന്ന് കൂടിയാണ്. എന്നാൽ ഗ്രൂപ്പ് താൽപര്യങ്ങൾക്ക് മുകളിലും എം.എൽ.എമാർ അഭിപ്രായങ്ങൾ പങ്ക് വെച്ചുവെന്നതും ശ്രദ്ധേയം. മാറ്റത്തിനാണ് ഹൈക്കമാൻ്റ് മുൻതൂക്കം നൽകുന്നതെങ്കിൽ അത് വി.ഡി സതീശന് അനുകൂലമാവും. ഇല്ലെങ്കിൽ പാളയത്തിൽ പട നേരിടുമ്പോഴും എ ഗ്രൂപ്പിൻ്റെ രഹസ്യ പിന്തുണ ചെന്നിത്തലയ്ക്ക് അനുകൂലമാവും. കെ.പി.സി സി പുനസംഘടനയിലേക്ക് വരുമ്പോൾ ഉമ്മൻ ചാണ്ടിയുടെ താൽപര്യങ്ങൾക്ക് രമേശ് വഴങ്ങി കൊടുക്കുന്നതാവും ഇപ്പോഴത്തെ പരസ്പര ധാരണയുടെ ഭാഗമായി അടുത്ത ഘട്ടത്തിൽ സംഭവിക്കുക.