സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. വിവിധ ഇടങ്ങളിലായി ഇന്ന് 36 പേര്‍ക്ക് സൂര്യാതപമേറ്റു. പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കാന്‍ മൂന്ന് സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. അധികൃതര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി.
ദിനംപ്രതി വേനല്‍കടുക്കുകയും നിരവധി ആളുകള്‍ക്ക് സൂര്യാതപം ഏല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നിലവിലെ സ്ഥിതിഗതി വിലയിരുത്തി. വരള്‍ച്ച പ്രതിരോധത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതല. ചൂടിന്റെയും വരള്‍ച്ചയുടെയും പശ്ചാത്തലത്തില്‍ മൂന്ന് സമിതികള്‍ രൂപീകരിക്കാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നും നിരവധിപേര്‍ക്ക് സൂര്യാതപമേറ്റു. കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ പേര്‍ക്ക് സൂര്യാതപമേറ്റത്. സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും നാളെയും ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലയില്‍ ഇന്നും താപനില 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് പാലക്കാട് താപനില 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തുന്നത്.
സൂര്യാതപം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. 11 മുതല്‍ 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്. പരമാവധി ശുദ്ധജലം കുടിക്കണം, കാപ്പി, ചായ എന്നിവ ഒഴിവാക്കുക, അയഞ്ഞ ഇളം നിറം പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.