പ്രതിപക്ഷ നേതാവിന്റെ മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ നിലവാരമില്ലാത്തതും മറുപടി അർഹിക്കാത്തതുമെന്ന് മന്ത്രി വിഎൻ വാസവൻ. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടുകയാണ്. കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങളെ അവഗണിക്കുന്നു എന്നും വിഎൻ വാസവൻ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. (vasavan ac moideen pinarayi)
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചതാണ്. എസി മൊയ്തീൻ അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല. ഇഡി നടപടി വേട്ടയാടലാണ്. ഇതുവരെ എസി മൊയ്തീനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും വാസവൻ പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എ.സി മൊയ്തീന് ഇഡി നോട്ടിസയച്ചു. ഈ മാസം 31ന് ഹാജരാകാനാണ് നിർദേശം. തരുവന്നൂർ ബാങ്ക് തട്ടിപ്പിൽ 15 കോടിയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് വഴി അനുവദിച്ച കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്തീൻ എന്നാണ് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചത്.പാവപ്പെട്ടവരുടെ ഭൂമി അവരെ അറിയാതെ ബാങ്കിൽ പണയപ്പെടുത്തി. ലോൺ നേടിയത് ഈ രേഖയുടെ അടിസ്ഥാനത്തിൽ ആണെന്നും ഇ.ഡി കണ്ടെത്തി.
മൊയ്തിൻറെയും ഭാര്യയുടേയും പേരിലുള്ള 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും സേവിങ്‌സ് നിക്ഷേപവും ഇ.ഡി. മരവിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശി അനിൽ സേഠിന് എ സി മൊയ്തീനുമായി അടുത്ത ബന്ധം ഉണ്ട് എന്നും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ റെയിഡിൽ 36 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തി. എ സി മൊയ്തീൻ, പി പി കിരൺ, സി എം റഹീം, എം കെ ഷൈജു, പി സതീഷ് കുമാർ എന്നിവരുടെ വസ്തുക്കളിൽ നടത്തിയ റെയ്ഡിന്റെ ഭാഗമായി ആണ് നടപടി. സ്വത്ത് വകകൾക്ക് 15 കോടിയുടെ മുല്യമുണ്ടെന്നും ഇ ഡി വ്യക്തമാക്കി.
സിപിഐഎം നേതാക്കളുടെ ബെനാമി ഇടപാടുകാർ എന്ന ആരോപണം നേരിടുന്നവർക്ക് കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് അനുവദിച്ചത് കോടിക്കണക്കിന് രൂപയാണ്. മതിയായ ഈടില്ലാതെയാണ് ബാങ്കിൽ തുകകൾ അനുവദിച്ചത്. ഇത് കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം മുന്നോട്ട് പോകുന്നത്. നോട്ട് നിരോധന കാലത്ത് കരുവന്നൂർ ബാങ്കിൽനിന്ന് വൻ തുക മാറിയെടുത്തതും ഇഡി പരിശോധിക്കുന്നുണ്ട്.