Kerala

വിവിധയിടങ്ങളില്‍ വീണ്ടും മഴ; പാലക്കാട് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; കൂട്ടിക്കല്‍ മേഖലയിലും മഴ

കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. മംഗലം ഡാമിനടുത്ത് ഉള്‍ക്കാട്ടിലാണ് ഉരുള്‍പൊട്ടിയത്. അഞ്ചുവീടുകളില്‍ വെള്ളം കയറി. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഉരുള്‍പൊട്ടി. ഫയര്‍ഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി. സബ്കളക്ടറും തഹസില്‍ദാറും ഉടന്‍ സ്ഥലത്തെത്തും. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ ഇരിട്ടിപുഴയില്‍ മധ്യവയസ്‌കന്‍ ഒഴുക്കില്‍പ്പെട്ടുമരിച്ചു. ഇരിട്ടി സ്വദേശി ഗണേശന്‍ (52)ആണ് മരിച്ചത്.

കോട്ടയം ജില്ലയില്‍ കൂട്ടിക്കല്‍, ഏന്തിയാര്‍, കാഞ്ഞിരപ്പള്ളി ഭാഗങ്ങളില്‍ വീണ്ടും അതിശക്തമായ മഴ പെയ്യുകയാണ്. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് അപകടസാധ്യതാ മേഖലയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കുമാരനെല്ലൂരും കൊടിയത്തൂരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെന്ന് വിലയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ ദുരന്ത സാധ്യതാ മേഖലകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശം നല്‍കി,

കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇന്നും നാളെയും കേരള ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതിനിടെ കനത്ത മഴയില്‍ കുട്ടനാട്ടില്‍ മടവീണു. ചമ്പക്കുളം, കച്ചക്കോടം, മൂലപ്പള്ളിക്കാട് എന്നിവിടങ്ങളിലാണ് പാടശേഖരങ്ങളില്‍ മടവീണത്. 156 ഏക്കര്‍ പാടത്തെ നെല്‍കൃഷി നശിച്ചു. കൊയ്ത്തിന് പത്തുദിവസം ബാക്കിനില്‍ക്കെയാണ് കൃഷിനാശമുണ്ടായത്.