സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി.
മഴ ശക്തമായി തുടരുന്നതിനാലും ജില്ലകളിൽ റെഡ് അലേർട്ട്, ഓറഞ്ച് അലെർട് നിലനിൽക്കുന്നതിനാലും അങ്കണവാടികൾ മുതൽ പ്രൊഫെഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് ഇന്നലെ ആറു പേർ മഴക്കെടുതിയിൽ മരിച്ചു. കണ്ണൂരിൽ മൂന്നുപേരും തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിൽ ഓരോരുത്തരുമാണു മരിച്ചത്. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് മരിച്ചവരുടെ ആകെ എണ്ണം 12 ആയി.
കണ്ണൂർ ഇരിട്ടി താലൂക്കിലെ കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടലിൽ പിഞ്ചുകുഞ്ഞടക്കം മൂന്നു പേർ മരിച്ചു. കണിച്ചാർ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാൽ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. കണിച്ചാൽ വെള്ളറ കോളനിയിലെ അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യ കേന്ദ്രം ജീവനക്കാരി നദീറ ജെ. റഹീമിന്റെ രണ്ടര വയസുകാരിയായ മകൾ നൂമ തസ്മീൻ, കണിച്ചാർ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രൻ (55) എന്നിവരാണു മരിച്ചത്. പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ തകർന്ന ചന്ദ്രന്റെ വീട് പൂർണമായും മണ്ണിനടിയിലാണ്. ഇന്ത്യൻ ആർമിയുടെയും ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണു താഴെ വെള്ളറ ഭാഗത്തുനിന്ന് ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.
തിരുവനന്തപുരത്ത് തമിഴ്‌നാട് സ്വദേശി കന്യാകുമാരി പുത്തൻതുറ കിങ്‌സറ്റൺ (27) കടലിൽ തിരയിൽപ്പെട്ടു മരിച്ചു. കോട്ടയം കൂട്ടിക്കലിൽ മലവെള്ളപ്പാച്ചിലിൽപ്പെട്ടു കൂട്ടിക്കൽ കന്നുപറമ്പിൽ റിയാസ് (45) മരിച്ചു. എറണാകുളം കുട്ടമ്പുഴയിൽ തിങ്കളാഴ്ച കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാവനാകുടിയിൽ പൗലോസിനെയാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉരുളംതണ്ണി സ്വദേശിയായ ഇദ്ദേഹത്തിന് 65 വയസ്സായിരുന്നു. ദേഹത്തേക്ക് മരം ഒടിഞ്ഞുവീണതാണു മരണ കാരണം.