Kerala

ഉച്ചയ്ക്ക് ശേഷം ഓഡിയോ പുറത്തുവിടും; സ്വപ്നയുടെ ഫ്ലാറ്റിലും ഓഫീസിലും കനത്ത പൊലീസ് സുരക്ഷ

മുഖ്യമന്ത്രിക്കെതിരായ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. സ്വപ്നയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. ഉച്ചയ്ക്ക് ശേഷം സ്വപ്ന ഓഡിയോ പുറത്തുവിടുന്ന സമയത്ത് കൂടുതൽ പൊലീസുകാരെത്തും.

ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തുന്നത്. ഫ്ലാറ്റിലും എച്ച്ആർഡിഎസിന്റെ ഓഫീസിലും സിസിറ്റിടി ക്യാമറ സ്ഥാപിക്കുകയാണ്. ഇവിടെ ആരൊക്കെ വന്നുപോകുന്നു എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാണ് സിസിറ്റിവി സ്ഥാപിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ 2016ൽ നടത്തിയ വിദേശസന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന ആരോപണമാണ് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവർക്കെതിരെയാണ് സ്വപ്ന ഗുരുതര ആരോപണം ഉന്നയിക്കുന്നത്. കള്ളപ്പണക്കേസിൽ രഹസ്യമൊഴി നൽകിയ ശേഷമാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിടും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാൽ മുഖ്യമന്ത്രിയെ പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിൻ്റെ മറുപടി.

മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരൺ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകൻ ആർ കൃഷ്ണരാജ് അറിയിച്ചിരുന്നു. സ്വപ്നയുമായി സംസാരിച്ച്, നിയമവശങ്ങൾ നോക്കിയാകും ഇതു ചെയ്യുകയെന്നും വ്യക്തമാക്കി. തന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാനാണു ഷാജ് കിരൺ എത്തിയതെന്നും, വിജിലൻസ് ഡയറക്ടർ എം.ആർ.അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.