India Kerala

താപനില ഉയരുന്നു, ജാഗ്രത പാലിക്കണം: ചൂട് കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലും

സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവില്‍ സാരമായ വര്‍ധന. ഇന്നലത്തേതില്‍ നിന്ന് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചപോലെ കേരളത്തില്‍ പലയിടങ്ങളിലും ദിനാന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ 35.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ആലപ്പുഴയിലെ താപനിലയെങ്കില്‍ ഇന്നത് 2.2 ഡിഗ്രി ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസ് ആയി. കോട്ടയത്താണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 38.5 ഡിഗ്രി സെല്‍ഷ്യസ്. ഇന്നലെ ഇത് 37.5 ആയിരുന്നു. കണ്ണൂരിലും താപനില 37 കടന്നു. പുനലൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും താപനില കൂടി.

സാധാരണ ഗതിയില്‍ മാര്‍ച്ചില്‍ അനുഭവപ്പെടേണ്ട ചൂടാണ് ഇപ്പോള്‍. മൂന്ന് ഡിഗ്രിവരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സൂര്യാതാപം, സൂര്യാഘാതം തുടങ്ങിയവക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വൈദ്യ സഹായം തേടണമെന്നും നിര്‍ദേശമുണ്ട്.