Kerala

വിഴിഞ്ഞം സമരത്തിൽ സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള സമവായ ചർച്ചകൾ തുടരുന്നു

വിഴിഞ്ഞം സമരത്തിൽ സർക്കാരും ലത്തീൻ സഭയും തമ്മിലുള്ള സമവായ ചർച്ചകൾ തുടരുന്നു. അനൗദ്യോഗിക ഇടപെടൽ ഫലം കണ്ടാൽ, ഔദ്യോഗിക ചർച്ചകൾ നടത്തി അടിയന്തര ഒത്തുതീർപ്പിനാണ് സർക്കാർ ശ്രമം. മത സാമുദായിക നേതാക്കളടങ്ങുന്ന സമാധാന ദൗത്യ സംഘം ഇന്ന് വിഴിഞ്ഞത്തെ സംഘർഷ മേഖലകൾ സന്ദർശിക്കും.

ലത്തീൻ, മലങ്കര സഭാനേതൃത്വവുമായുള്ള ചീഫ് സെക്രട്ടറിയുടെ ചർച്ചക്കും മുഖ്യമന്ത്രിയും കാതോലിക്കാ ബാവയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കും പിന്നാലെയാണ് സമവായ നീക്കങ്ങൾ സർക്കാർ സജീവമാക്കുന്നത്. പരിഹാര ഫോർമുല രൂപീകരിക്കാൻ ഇന്ന് തുടർചർച്ചകളുണ്ടാകും. മുഖ്യമന്ത്രിയും തുറമുഖമന്ത്രി അഹമദ് ദേവർകോവിലും ഇത്‌ സംബന്ധിച്ച് ചർച്ച നടത്തും.

തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമരസമിതി പ്രതിനിധിയെ ഉൾപ്പെടുത്തുന്നതിലും വാടകത്തുക വർധിപ്പിക്കുന്നതിലും തീരുമാനമെടുക്കും.
സമാന്തരമായി ഗാന്ധിസ്മാരക നിധിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ നീക്കങ്ങളും പുരോമിക്കുകയാണ്. ചർച്ചകളെ പറ്റി വിശദീകരിക്കാൻ മധ്യസ്ഥ സംഘം ഇന്ന് മാധ്യമങ്ങളെ കാണും.

ഇന്ന് മുതൽ നിയമസഭ ചേരുന്ന പശ്ചാത്തലത്തിൽ അതിവേഗ സമവായത്തിനാണ് സർക്കാരിന്റെ ശ്രമം. അതിനിടെ വിവിധ മത സാമൂഹ്യ നേതാക്കളടങ്ങുന്ന സമാധാന സംഘം വിഴിഞ്ഞത്തെ സംഘർഷ മേഖലകൾ സന്ദർശിക്കും.