ഗർഭസ്ഥ ശിശുവിന്‍റെ അവകാശങ്ങളെക്കാള്‍ കുട്ടിയെ പ്രസവിക്കുന്ന സ്ത്രീയുടെ അവകാശത്തിനാണ് മുന്‍ഗണനയെന്ന് കേരള ഹൈക്കോടതി.
മാതാവിന്‍റെ അനാരോഗ്യം ചൂണ്ടിക്കാട്ടി ഗര്‍ഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ നിരീക്ഷണം. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് പ്രകാരം ഗർഭകാലം 20 ആഴ്ചകൾക്കപ്പുറം പിന്നിട്ടാല്‍ ഗര്‍ഭം അലസിപ്പിക്കല്‍ നിയമപരമായി അനുവദിനീയമല്ല. ഈ സാഹചര്യത്തിലാണ് ഹരജിക്കാരിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത്. ഇരു വ്യക്കകളും തകരാറിലായ ഹരജിക്കാരിക്ക് അനുകൂലമായി തീരുമാനമെടുത്ത കോടതി, വിധി ന്യായത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ”അന്തസോടെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, അമ്മയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതും കുടുംബ ജീവിതത്തില്‍ വേദനയുണ്ടാക്കുകയും ചെയ്യുന്നതാണീ ഗര്‍ഭധാരണം.
ഗർഭാവസ്ഥ തുടരുന്നത് കുടുംബത്തെ വൈകാരികമായും ശാരീരികമായും സാമ്പത്തികമായും തകരാറിലാക്കാന്‍ ഇടയുള്ളപ്പോള്‍ , ഗർഭം അലസിപ്പിക്കാന്‍ അനുവദിക്കുന്നത് ഒരു കോടതിയുടെ അധികാരത്തിന്‍റെ പരിധിയിലാണ്. ഒരു പിഞ്ചു കുഞ്ഞിന്‍റെ അവകാശങ്ങൾ, കുട്ടിയെ പ്രസവിക്കുന്ന ഒരു സ്ത്രീയുടെ അവകാശങ്ങളുമായി ഒത്തുനോക്കുമ്പോള്‍ തീര്‍ച്ചയായും സ്ത്രീക്ക് അനുകൂലമായിട്ടായിരിക്കും കാര്യങ്ങള്‍. അന്തിമമായി അമ്മയുടെ ഭാവി സുരക്ഷിതമാക്കേണ്ട ബാധ്യതയുണ്ട്. നല്ലത് തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്‍റെ ഭാഗമായി ഇതിനകം തന്നെ അംഗീകരിച്ചിട്ടുണ്ട്. അമ്മയുടെ ജീവൻ അപകടത്തിലാകുമ്പോൾ, തീർച്ചയായും ഗര്‍ഭസ്ഥ ശിശുവിനെ അമ്മയില്‍ നിന്ന് വേര്‍പെ ടുത്തുക തന്നെ വേണമെന്നതില്‍ തര്‍ക്കമില്ലെന്നാണ് കോടതിയുടെ നീരീക്ഷണം.
അമ്മയുടെ അവകാശങ്ങളെ കുറിച്ച് സൂചിപ്പിക്കുന്ന (മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബിൽ, 2020) ആധാരമാക്കിയാണ് കോടതിയുടെ പരാമർശങ്ങളുണ്ടായത്. ഇത്തരം സാഹചര്യങ്ങളില്‍ ഗർഭാവസ്ഥയിൽ തുടരണോ അതോ അവസാനിപ്പിക്കണോ എന്ന തീരുമാനം അടിസ്ഥാനപരമായി ഒരു സ്ത്രീയുടെ തീരുമാനമായിരിക്കണം, കാരണം അത് അവളുടെ ഭാവിയെ രൂപപ്പെടുത്തുകയും മറ്റ് മനുഷ്യാവകാശങ്ങളെ ബാധിക്കുകയും ചെയ്യുന്ന കാര്യമാണെന്നും കോടതി ചൂണ്ടികാണിക്കുന്നുണ്ട് ഈ ഉത്തരവില്‍ . കൂടാതെ അനാവശ്യ ഗർഭധാരണം തുടരാൻ നിർബന്ധിതരാകുന്നത് ചില സാഹചര്യങ്ങളിൽ ജീവിക്കാനുള്ള അവകാശത്തിലേക്കും വ്യക്തിപരമായ കടന്നുകയറ്റത്തിനും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും എതിരാകുമെന്നും കോടതി സൂചിപ്പിക്കുന്നുണ്ട്.