India Kerala

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ഹൈക്കോടതിയുടെ സ്റ്റേ

ഹൈസ്കൂൾ -ഹയർ സെക്കൻഡറി ലയനം ശിപാർശ ചെയ്യുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള വിദ്യാഭ്യാസ നയത്തില്‍ ഭേദഗതി വരുത്താതെ ഉത്തരവ് നടപ്പാക്കുന്നത് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. സരക്കാരിന്‍റെത് നയപരമായ തീരുമാനമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ലയനം നടപ്പാക്കാനുള്ള തീരുമാനം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണെന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷനായിരുന്നു കോടതിയെ സമീപിച്ചത്. അശാസ്ത്രീയവും അപ്രായോഗികവും ഏകപക്ഷീയവുമായ കെണ്ടത്തലുകളാണ് ഖാദർ കമ്മിറ്റി മുന്നോട്ടു വച്ചിട്ടുള്ളത്. ഈ റിപ്പോർട്ട് അതേപടി നടപ്പാക്കുന്നത് ഹയർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ സമ്പൂർണ അരാജകത്വത്തിലേക്കും തകർച്ചയിലേക്കും നയിക്കും. നിയമനിർമാണത്തിലൂടെയോ ഭേദഗതിയിലൂടെയോ അല്ലാതെ ഈ ശിപാർശ നടപ്പാക്കാനാവില്ലെന്നിരിക്കെ ഇതൊന്നുമില്ലാതെയാണ് വിവേകശൂന്യമായ തീരുമാനം സർക്കാറിൽ നിന്നുണ്ടായിട്ടുള്ളതെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ തീരൂമാനം നയപരമാണെന്നും അതില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഉത്തരവ് നടപ്പാക്കിയാല്‍ ഹരജിക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വിദ്യാഭ്യാസ നയത്തില്‍ ഭേദഗതി വരുത്താതെ ഉത്തരവ് നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഹരജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും. കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുന്നതിനെതിരെ എന്‍.എസ്.എസും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.