India Kerala

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഹൈക്കോടതി

രാഷ്ട്രീയ കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിനു പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്ന് കോടതി സൂചിപ്പിച്ചു. മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി വിമര്‍ശനം.

ശുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവുമാണെന്നാണ് കോടതി ചൂണ്ടികാട്ടിയത്. രാഷ്ട്രീയ എതിരാളിയെ നാടന്‍ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കിയെന്നു രേഖകളില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാരകായുധമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്.

അതിസൂക്ഷ്മമായി അസൂത്രം ചെയ്ത കൊലപാതകമാണിത്. പ്രൊഫഷണല്‍ കൊലയാളി സംഘമാണ് കൃത്യം നടപ്പാക്കിയത്. രാഷ്ട്രീയ പകപോക്കല്‍ ആണ് നടന്നതെന്നും കോടതി ചൂണ്ടികാട്ടി.

ആകാശ് തില്ലങ്കേരി അടക്കം ആദ്യ നാല് പ്രതികള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടാനും കുറ്റകൃത്യം ആവര്‍ത്തിക്കാനും സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളികൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍.