India Kerala

നെടുമ്പാശേരി ഹജ്ജ് ക്യാമ്പ് സമാപിച്ചു

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള നെടുമ്പാശേരി ഹജ്ജ് ക്യാംപ് സമാപിച്ചു. ഈ മാസം 13 നാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സിയാല്‍ അക്കാദമിയില്‍ ക്യാംപ് തുടങ്ങിയത്. നാല് ദിവസങ്ങളിലായി എയര്‍ ഇന്ത്യയുടെ എട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് നെടുമ്പാശേരിയില്‍ നിന്നുള്ള തീര്‍ഥാടകരുമായി പറന്നുയര്‍ന്നത്.

2728 പേരാണ് നെടുമ്പാശേരിയില്‍ നിന്നും ഇത്തവണ ഹജ്ജ് കര്‍മ്മത്തിനായി യാത്രയായത്. നാല് ദിവസങ്ങളിലായി എയര്‍ ഇന്ത്യയുടെ എട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളാണ് തീര്‍ഥാടകരുമായി പറന്നുയര്‍ന്നത്. ക്യാംപ് ഇന്നലെ ഔദ്യോഗികമായി സമാപിച്ചു.

നെടുമ്പാശേരി ഹജ്ജ് ക്യാംപില്‍ നിന്നും പുറപ്പെട്ട തീര്‍ഥാടകര്‍ മദീന വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പ്രവാചക നഗരിയായ മദീനയിലെ സന്ദര്‍ശനത്തിന് ശേഷമാണ് ഇവര്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുന്നതിനായി മക്കയിലേക്ക് പുറപ്പെടുക. ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഹാജിമാരുടെ നെടുമ്പാശേരിയിലേക്കുള്ള മടക്കയാത്ര.

മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് നല്‍കും. ഇതിനാവശ്യമായ സംസം വെള്ളമടക്കിയ ക്യാനുകള്‍ നെടുമ്പാശേരിയില്‍ ഇതിനകം തന്നെ എത്തിച്ചിട്ടുണ്ട്.