Kerala

ഷാരോണിനെ കൊണ്ട് താലി കെട്ടിച്ചത് നിശ്ചയത്തിനുശേഷം; അന്നേ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കില്‍ അവനെ രക്ഷിക്കാമായിരുന്നു; ഷാരോണിന്റെ കുടുംബം

പാറശാലയിലെ ഷാരോണിന്റെ മരണത്തില്‍ പ്രതി ഗ്രീഷ്മയെ പൊലീസ് നേരത്തെ ചോദ്യം ചെയ്യണമായിരുന്നുവെന്ന് ഷാരോണിന്റെ ബന്ധുക്കള്‍. ആദ്യം തന്നെ ഗ്രീഷ്മയെ സംശയിച്ചിരുന്നു. അന്ന് തന്നെ പൊലീസ് ഇടപെടലുണ്ടായിരുന്നെങ്കില്‍ ഷാരോണിനെ രക്ഷിക്കാമായിരുന്നു. നിശ്ചയ ശേഷം ഗ്രീഷ്മ തന്നെയാണ് ഷാരോണിനെ കൊണ്ട് താലി കെട്ടിച്ചത് എന്നും ഷാരോണിന്റെ ബന്ധുക്കള്‍ പറഞ്ഞു.

‘ഫബ്രുവരിയിലാണ് ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അതിന് ശേഷവും ഷാരോണുമായി ബന്ധം തുടര്‍ന്ന ഗ്രീഷ്മ അവനെ പലയിടത്തും വിളിച്ചുകൊണ്ടുപോയി. അതിനുള്ള തെളിവുകള്‍ ഞങ്ങളുടെ കൈവശമുണ്ട്. നിശ്ചയത്തിന് ശേഷം താലി കൊണ്ടുവന്ന് അവനെ കൊണ്ട് കെട്ടിച്ചതും ഗ്രീഷ്മ തന്നെയാണ്. ഒഴിവാക്കാന്‍ പലതവണ ശ്രമിച്ചുവെന്നൊക്കെ പൊലീസ് പറയുന്നതില്‍ കൂടുതല്‍ അന്വേഷണം വേണം. ക്രൈംബ്രാഞ്ചില്‍ പൂര്‍ണമായ വിശ്വാസമുണ്ട്.

ആദ്യം ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഗ്രീഷ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കില്‍ കീടനാശിനി കുടിപ്പിച്ച വിവരം ഒരു പക്ഷേ പുറത്തുവന്നേനെ. എങ്കില്‍ ഷാരോണിനെ രക്ഷപെടുത്താനും സാധിക്കുമായിരുന്നു. അവളോട് ഞങ്ങള്‍ നിരന്തരം ചോദിച്ചിരുന്നു എന്താണ് ജ്യൂസില്‍ ചേര്‍ത്ത് നല്‍കിയതെന്ന്. പക്ഷേ പറഞ്ഞില്ല. പൊലീസിന്റെ ഇടപെടലുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ അവനെ രക്ഷിക്കാമായിരുന്നു’. ഷാരോണിന്റെ അമ്മാവന്‍ പ്രതികരിച്ചു.

അതേസമയം പാറശാല പൊലീസിനെതിരെ ആരോപണവുമായി ഷാരോണിന്റെ പിതാവ് രംഗത്തെത്തി. പാറശാല പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് പിതാവ് പറഞ്ഞു. ട്വന്റിഫോര്‍ എന്‍കൗണ്ടറിലായിരുന്നു പ്രതികരണം. പാറശാല പൊലീസ് മോശമായി പെരുമാറിയെന്നും ഷാരോണ്‍ രാജിന്റെ പിതാവ് ജയരാജ് പറഞ്ഞു.