Kerala

വയനാട്ടിൽ വെട്ടുകിളി ശല്യം രൂക്ഷം; കർഷകർ ദുരിതത്തിൽ

തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം

വയനാട്ടിലെ കാർഷിക മേഖലയായ പുൽപ്പള്ളിയിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു .പലതരം കാർഷിക വിളകളെയും വെട്ടുകിളികൾ . കൂട്ടത്തോടെ എത്തി ആക്രമിക്കുകയാണ് തോട്ടങ്ങളിൽ രാസകീടനാശിനി പ്രയോഗിക്കണമെന്നാണ് കൃഷി വകുപ്പിന്‍റെ നിർദേശം.

പുൽപ്പള്ളിയിലെ കർഷകർ വിളയിച്ചെടുക്കുന്ന കൊക്കോ കാപ്പി തുടങ്ങിയ നാണ്യവിളകൾക്കും തെങ്ങിനും വാഴക്കുമെല്ലാം ഒരേ സമയം ഭീഷണി ആകുകയാണ് കൂട്ടത്തോടെ എത്തുന്ന വെട്ടുകിളികൾ .പുൽച്ചാടിയോട് രൂപസാദൃശ്യമുള്ള പല വർണ്ണങ്ങളിലുള്ള ഈ ചെറുജീവികളെ നേരിടാൻ കഴിയാതെ പ്രയാസപ്പെടുകയാണ് കർഷകർ. ചെടികളുടെ ഇലകൾ കാർന്നു തിന്നുന്ന വെട്ടുകിളികൾ പുൽപ്പള്ളിയിലും പരിസര പ്രദേശത്തെ തൊട്ടങ്ങളിലും പെറ്റു പെരുകാൻ തുടങ്ങിയിട്ട് രണ്ട് മാസമായി . ആയിരിയ്ക്കണക്കിനു വെട്ടുകിളികളാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത് .

രാസ കീടനാശിനി പ്രയോഗിക്കാൻ കൃഷി വകുപ്പ് കർഷകർക്ക് നിർദ്ദേശം നൽകിയെങ്കിലും പൂർണ്ണമായും ജൈവ രീതിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന കൊക്കോ കാപ്പി എന്നിവയിൽ കീടനാശിനി തളിക്കാൻ പല കർഷകരും താല്പര്യപ്പെടുന്നില്ല.നേരത്തെ നടത്തിയ രാസവളപ്രയോഗം കാരണം തവളകൾ നശിച്ചതാണ് വെട്ടുകിളികൾ പെരുകാൻ കാരണമായ തെന്നാണ് കർഷകർ പറയുന്നത്.

മണ്ണിൽ മുട്ടയിടുന്ന ഇവയുടെ ലാർവകൾ വളർന്നു കൃഷി നാശം വരുത്തുമ്പോൾ മാത്രമാണ് ഇവയെ കർഷകർക്ക് തിരിച്ചറിയാൻ ആവുക. പ്രത്യേക സാഹചര്യത്തിൽ പുൽപ്പള്ളിയിൽ വെട്ടുകിളി പ്രതിരോധത്തിനായി അടിയന്തര കർമ്മ പദ്ധതി തയ്യാറാക്കുകയാണ് കൃഷി വകുപ്പ്.