തൃശ്ശൂരിലെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് നയന്റീന്‍ രോഗലക്ഷണങ്ങളോടെ എത്തിയ ആളെക്കുറിച്ച വിവരം കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ഡോക്ടറുടെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റ്
കോവിഡ് 19 രോഗലക്ഷണവുമായി എത്തിയ യുവാവിനെക്കുറിച്ച് പ്രതികരിച്ച തൃശൂരിലെ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു. വാടാനപ്പള്ളി പൊലീസാണ് കേസെടുത്തത്. തൃശൂര്‍ ഡി.എം.ഒയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
തെറ്റായ വാർത്ത നൽകി ആരോഗ്യവകുപ്പിനെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഡോ.ഷിനു ശ്യാമളനെതിരെ നിയമനടപടിയെടുക്കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ക്ലിനിക്കില്‍ കോവിഡ് നയന്റീന്‍ രോഗലക്ഷണങ്ങളോടെ എത്തിയ ആളെക്കുറിച്ച വിവരം കൈമാറിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന ഡോക്ടറുടെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി. സംഭവത്തിൽ ഡോക്ടർ ഷിനുവിനെ ക്ലിനിക്ക് അധികൃതർ പിരിച്ച് വിട്ടിരുന്നു.
പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ വാർത്ത നൽകി ആരോഗ്യ വകുപ്പിനെയും വകുപ്പ് ഉദ്യോഗസ്ഥരേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളിൽ പരാമർശം നടത്തിയ ഡോ. ഷിനു ശ്യാമളനെതിരെ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. കോവിഡ്-19 വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ വകുപ്പുകളും കൈയുംമെയും മറന്ന് പങ്കാളികളാവുന്ന സാഹചര്യത്തിൽ മനഃപൂർവം ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് പ്രസ്തുത ഷോയിലൂടെ ശ്രമം നടന്നതെന്ന് ഡി.എം.ഒ യുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എസ്. ഷാനവാസ് നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. രോഗിയെ കുറിച്ച് തളിക്കുളം പഞ്ചായത്ത് പ്രസിഡന്റിനെ അടക്കം വിവരങ്ങൾ അറിയിച്ചിരുന്നതായി ഡോ. ഷിനു പറഞ്ഞിരുന്നു.എന്നാൽ ഡോക്ടറുടെ വാദം തള്ളി പഞ്ചായത്ത് പ്രസിഡന്റ് സജിത രംഗത്തെത്തി.
സ്വകാര്യ ക്ലിനിക്കില്‍ വന്ന രോഗിയില്‍ കോവിഡ് നയന്റീന്‍ ലക്ഷണങ്ങള്‍ കണ്ടതോടെ സംശയം തോന്നി ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഡോക്ടര്‍ ഷിനുവിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് തന്നെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു. ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിനെയും അറിയിച്ചെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായില്ല. രോഗ ലക്ഷണങ്ങളോടെ എത്തിയ ആള്‍ ഖത്തറിലേക്ക് പോയെന്ന വിവരം ലഭിച്ചതായും ഷിനു പ്രതികരിച്ചിരുന്നു.