Kerala

വിലക്കയറ്റം; പൂഴ്ത്തിവയ്പ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍

അരിയുടെയും ആവശ്യസാധനങ്ങളുടെയും വിലവര്‍ധിച്ചതോടെ പൂഴ്ത്തിവെപ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. വില വര്‍ധനവിന് ഇടനിലക്കാരുടെ ഇടപെടലുണ്ടായെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍.

പൂഴ്ത്തിവെപ്പ് തടയുന്നതിനായി പ്രധാന സംഭരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കും കര്‍ശന നടപടിക്കുമാണ് നീക്കം. ഇത് സംബന്ധിച്ചാണ് മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

അനിയന്ത്രിതമായുണ്ടായ വിലവര്‍ധനവില്‍ ഇടനിലക്കാര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും പങ്കുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആന്ധ്രയില്‍ നിന്നും നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതോടെ പ്രശനപരിഹാരമുണ്ടാകുമെന്നും ഭക്ഷ്യവകുപ്പ് കരുതുന്നു. അതിനിടെ പച്ചക്കറി വില വര്‍ധനവില്‍ ഇടപെടലാവശ്യമുണ്ടോ എന്ന കാര്യം കൃഷിവകുപ്പ് പരിശോധിച്ച് വരികയാണ്.