Kerala

സ്ഥിരപ്പെടുത്തല്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭാ തീരുമാനം

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂട്ടസ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചില്ല.

ഇതുവരെയുള്ള സ്ഥിരപ്പെടുത്തല്‍ പുനപ്പരിശോധിക്കില്ല. ഇന്നത്തെ മന്ത്രിസഭയിലും സ്ഥിരപ്പെടുത്തല്‍ ഫയലുകള്‍ വന്നിരുന്നു. അവ സര്‍ക്കാര്‍ പരിഗണിച്ചില്ല. മൂന്ന് മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തി. പക്ഷേ ആരോഗ്യ വകുപ്പ്, വനം വകുപ്പ്, കെപ്കോ, മത്സ്യഫെഡ് അടക്കം നിരവധി സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ ശിപാർശകൾ ഇന്ന് പരിഗണിച്ചില്ല.

അതേസമയം ഇതുവരെ നടന്ന സ്ഥിരപ്പെടുത്തല്‍ റദ്ദാക്കണമെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം ജനരോഷം ഭയന്നാണ്. കണ്ണില്‍ പൊടിയിടലാണ് ഇപ്പോഴത്തെ തീരുമാനം. ഇതുവരെ നടത്തിയ സ്ഥിരപ്പെടുത്തലുകളെ കുറിച്ച് അന്വേഷണം വേണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

പുതിയ തസ്തികകള്‍ സൃഷ്ടിക്കും

പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ 3000 തസ്തിക സൃഷ്ടിക്കും. പരിയാരം മെഡിക്കൽ കോളേജിൽ 772, ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിൽ 1200, ആയുഷ് വകുപ്പിൽ 300 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 728 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്. 35 ഹയർ സെക്കൻഡറി സ്കൂളുകളിലായി 151 തസ്തികളും സൃഷ്ടിക്കും.

ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം സംബന്ധിച്ച ചട്ടങ്ങൾ അറിയിക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. 10 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. പിൻവാതിൽ നിയമനത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടമുൾപ്പെടെ നൽകിയ പൊതുതാൽപ്പര്യ ഹരജിയിലാണ് നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ കരാർ ജീവനക്കാരായി നിയമിച്ചവരെ സ്ഥിരപ്പെടുത്തരുതെന്ന് ഉമാദേവി കേസിൽ സുപ്രീം കോടതി ഉത്തരവുള്ളതായി ഹരജിയിൽ പറയുന്നു. ഹർജി കോടതി സ്വീകരിക്കേണ്ടതുണ്ടോ എന്നതിലും പിന്നീട് വാദം കേൾക്കും. നേരത്തെ കേരള ബാങ്കിലെ 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഹൈക്കോടതി തടഞ്ഞിരുന്നു.