കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ ബാധ്യതയില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. 2021-22 കാലയളവില്‍ 2037 കോടിയില്‍പ്പരം കെഎസ്ആര്‍ടിസിക്ക് അനുവദിച്ചെന്നും, കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഓണം പടിവാതിലില്‍ എത്തിയെന്നും കെഎസ്ആര്‍ടിസിജീവനക്കാരെ ഓണക്കാലത്ത് പട്ടിണിക്കിടാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു കൊണ്ടായിരുന്നു ശമ്പള വിഷയത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഇടപെടല്‍. ജീവനക്കാര്‍ക്ക് ശമ്പളവും, ഉത്സവ ബത്തയും നല്‍കുന്നതിന് സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ കൈമാറണമെന്നായിരുന്നു സര്‍ക്കാരിനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശം. എന്നാല്‍, സിംഗിള്‍ ബെഞ്ച് നിര്‍ദേശം നിയമപരമായി നിലനില്‍ക്കില്ലെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
സര്‍ക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരുമായി തൊഴിലുടമ- ജീവനക്കാരന്‍ ബന്ധമില്ലെന്നാണ് ജഡ്ജി കണ്ടെത്തേണ്ടിയിരുന്നത്. ശമ്പളവും ഉത്സവ ബത്തയും നല്‍കാന്‍ നിയമപരമായോ, കരാര്‍ പ്രകാരമോ സര്‍ക്കാരിന് ബാധ്യതയില്ല. അങ്ങനെയുണ്ടെന്ന് പ്രഥമദൃഷ്ട്യാ പോലും സിംഗിള്‍ ബെഞ്ച് ജഡ്ജി കണ്ടെത്തിയിട്ടുമില്ല.
സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നത് ജീവനക്കാര്‍ പോലും ഉന്നയിക്കാത്ത ആവശ്യമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.