Kerala

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഭരണ, പ്രതിപക്ഷ ആലോചന

സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്.

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ ഭരണ, പ്രതിപക്ഷ ആലോചന. സര്‍ക്കാരിന്‍റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. മാത്രമല്ല കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന.

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭരണ, പ്രതിപക്ഷത്തെ പൊതു നിലപാട്. എന്നാല്‍ ഇക്കാര്യം പരസ്യമായി പറയാന്‍ ഇരുപക്ഷത്തിനും ധൈര്യമില്ല. കാരണം പരാജയഭീതിയായി ഇത് വ്യാഖ്യാനിക്കുമോ എന്നാണ് ഇരു കൂട്ടരുടെയും ഭയം. കെ മുരളീധരന്‍ എംപി മാത്രമാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. സര്‍ക്കാര്‍ കാലാവധി തീരാനിരിക്കെ ഉപതെരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

പ്രതിപക്ഷത്തെ ഒരു വിഭാഗം പറയുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താം, ഉപതെരഞ്ഞെടുപ്പ് പാടില്ല എന്ന് സര്‍ക്കാര്‍ പറയുന്നതില്‍ യുക്തി ഇല്ലെന്നാണ്. അങ്ങനെയെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു.