നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ചയുടെ ആദ്യ ദിവസം ചോദ്യോത്തര വേളയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷം. രമേശ് ചെന്നിത്തല ഉള്‍പ്പെടെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് എതിരായ വിജിലന്‍സ് നടപടികള്‍ നിയമസഭയില്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് വലിയ അഴിമതി നടന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ നേതാവ് ചോദ്യം ചോദിയ്ക്കുന്നത് സ്വാഭാവികമാണ്. എന്തിനാണ് അതിനിത്ര ബഹളം. മുൻ സർക്കാരിന്‍റെ സമയം കേരളം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യവും രാജ്യത്തിന് പുറത്തും അഴിമതി ഇല്ലാത്ത നാടാണെന്ന് കേരളത്തിന്‍റെ യശസ്സ് ഉണർന്നു. ബഹുരാഷ്ട്ര കമ്പനികൾ നിക്ഷേപത്തിനെത്തി. ഇപ്പോൾ അഴിമതിയില്ലാത്ത നാടായി കേരളത്തിന്‍റെ യശസ്സുയർന്നു. നാട് നന്നാവുന്നതിൽ വിഷമം ഉണ്ടെങ്കിൽ മനസിൽ വച്ചാൽ മതി. പ്രതിപക്ഷത്തിന് സർക്കാരിന്‍റെ നേട്ടങ്ങളിൽ വിഷമം ചോദ്യം പ്രസ്താവനയായി മാറുമ്പോൾ മറുപടിയും പ്രസ്താവനയാകും. ഉളുപ്പ് ഇല്ലാത്തത് കൊണ്ടാണ് ഇപ്പോഴും ചിരിക്കുന്നത്. ജനങ്ങളുടെ കൈ കൊണ്ട് കരണത്തടി കൊണ്ടവരാണ് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
എന്നാല്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താണ് നില്‍ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷവും അങ്ങിനെയാണെന്ന് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ബാര്‍ കോഴ കേസില്‍ തന്‍റെ പേരിലുള്ള ആരോപണങ്ങള്‍ തെളിയിക്കാനായില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ അന്വേഷിക്കുന്നത് നിയമപരമായിരിക്കണം. കോഴ വാങ്ങിയിട്ടില്ല.
ഏത് അന്വേഷണം നടത്തിയാലും ഒരു ചുക്കുമില്ല. സർക്കാരിന്‍റേത് വില കുറഞ്ഞ രാഷ്ട്രീയമാണ്. പ്രതിപക്ഷത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. ടൈറ്റാനിയം കേസ് സംബന്ധിച്ച് അന്വേഷണത്തിനാവില്ലെന്ന് സി.ബി.ഐ അറിയിച്ചതായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പന്‍റെ വിഷയത്തിൽ ഇടപെടുന്നതിന് സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നൽകിയത് തെറ്റായ കീഴ്‌വഴക്കമെന്ന് കെ.സി ജോസഫ് പറഞ്ഞു.പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്ന യുവാക്കള്‍ക്ക് പോലും ജോലി ഇല്ലെന്നും ഇവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നുവെന്നും ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. യുവജന വഞ്ചനയില്‍ സര്‍ക്കാരിന് സര്‍വകാല റെക്കോഡാണ്. നിയമനങ്ങളുടെ യോഗ്യത പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കിയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കളവാണെന്ന് വി.എസ് ശിവകുമാര്‍ പറഞ്ഞു. എസ്.കെ ആശുപത്രി തന്‍റേതല്ല. തന്‍റേതാണെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കട്ടെ. തമിഴ്നാട്ടില്‍ ഭാര്യാപിതാവിന്‍റെ പേരില്‍ വസ്തുവില്ലെന്നും ശിവകുമാര്‍ പറഞ്ഞു.