നയപ്രഖ്യാപനത്തിന് അഞ്ച് ദിവസം മാത്രം നിലനില്‍ക്കെ ഗവര്‍ണ്ണര്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതിലെ ആശങ്കയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. തലസ്ഥാനത്ത് തിരിച്ചെത്തിയ ഗവര്‍ണ്ണര്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം മടക്കി അയക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. പൗരത്വ നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കാതെ തന്‍റെ എതിര്‍പ്പ് നിയമസഭയിലും പ്രകടിപ്പിക്കുമോ എന്നതും കാത്തിരുന്ന് കാണണം.
പൗരത്വ നിയമത്തിനെതിരായ കടുത്ത നിലപാടും, നിയമസഭയില്‍ പ്രമേയം പാസ്സാക്കിയതും അടക്കം സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച കാര്യങ്ങളെല്ലാം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൗരത്വ വിഷയത്തില്‍ സര്‍ക്കാരുമായി കൊമ്പ് കോര്‍ത്തിരിക്കുന്ന ഗവര്‍ണ്ണര്‍ നയപ്രഖ്യാപനത്തിലെ ഈ ഭാഗങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. ഇന്നലെ തലസ്ഥാനത്ത് തിരിച്ചെത്തിയ ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം പരിശോധിച്ച് എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.
നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമത്തിനെതിരായ ഭാഗങ്ങള്‍ വെട്ടി ഗവര്‍ണ്ണര്‍ തിരിച്ചയച്ചാലും അത് വീണ്ടും ഉള്‍പ്പെടുത്തി മടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ 29 ന് നയപ്രഖ്യാപനം നടക്കുമ്പോള്‍ ഈ വാചകങ്ങള്‍ ഗവര്‍ണ്ണര്‍ വായിക്കുമോ എന്നതാണ് സര്‍ക്കാരിന് മുന്നിലെ മറ്റൊരു ചോദ്യം. ഗവര്‍ണ്ണര്‍ വായിക്കാതെ ഒഴിവാക്കിയാലും അത് നയപ്രഖ്യാപനത്തിന്‍റെ ഭാഗമായി രേഖയില്‍ ഉണ്ടാകും എന്ന ആശ്വാസമാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അടക്കം ഗവര്‍ണ്ണര്‍ക്കെതിരെ പരസ്യമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ സഭ ഫ്ലോറില്‍ ഏതെങ്കിലും പരാമര്‍ശങ്ങള്‍ ഗവര്‍ണ്ണര്‍ നടത്തുമോ എന്നതും ശ്രദ്ധേയമാണ്.