Kerala

വിഴിഞ്ഞം സംഘർഷം; നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ

വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ. ആക്രമികള്‍ക്കെതിരെ കർശന നടപടിയെടുക്കും. പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അവയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോരമേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങള്‍ക്കിടയിലുള്ള സൗഹാര്‍ദം ഇല്ലാതാക്കാന്‍ പുറപ്പെട്ട ശക്തികളാണ് കലാപം ലക്ഷ്യമിട്ട് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത്. പൊലീസ് സ്റ്റേഷന്‍ ആക്രമണം ഇതിന്റെ ഭാഗമാണ്.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ചെറുവിഭാഗം മാത്രമാണ് ഇപ്പോള്‍ സമരരംഗത്തുള്ളത്. അവരുമായി ചര്‍ച്ച നടത്താന്‍ തടസം നില്‍ക്കുന്നത് ചില സ്ഥാപിത താത്പര്യക്കാരാണ്. രാഷ്ട്രീയ ഇടപെടലും സംഘര്‍ഷത്തിന് പിന്നിലുണ്ട്. ഇത്തരക്കാരെ തുറന്നുകാട്ടും. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശക്തമായ ക്യാമ്പയിൻ നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.