ഇന്നലെ വിള്ളൽ കണ്ടെത്തിയ കൊച്ചി വല്ലാർപാടം ഗോശ്രീ പാലത്തിൽ ജില്ലാ കലക്ടർ പരിശോധിച്ചു. കൂടുതല്‍ പരിശോധന നടത്താന്‍ നാഷണൽ ഹൈവേ അതോറിറ്റിക്ക് കലക്ടര്‍ നിർദ്ദേശം നൽകി. പരിശോധന പൂർത്തികരിച്ച ശേഷമേ ഗതാഗതം പുനസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതി നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.
ഇന്ന് രാവിലെ പത്തരയോടെയാണ് ജില്ലാ കലക്ടർ പാലത്തിൽ സന്ദർശനം നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കില്ലെന്നും പാലത്തിൽ വിദഗ്ദർ പരിശോധന നടത്തുമെന്നും സന്ദർശനത്തിന് ശേഷം കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് നാഷണൽ ഹൈവേ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
കലക്ടറുടെ സന്ദർശനത്തിന് ശേഷം നാഷണൽ ഹൈവേ അതോറിറ്റി ഉദ്യേഗസ്ഥർ പാലത്തിൽ പ്രാഥമിക പരിശോധന നടത്തി. വിള്ളലുണ്ടായ ഭാഗത്തെ പാളി അടർത്തിമാറ്റി കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്. പാലരിവട്ടം പാലത്തിന് ശേഷം വിള്ളൽ കണ്ടെത്തുന്ന കൊച്ചിയിലെ മൂന്നാമത്തെ പാലമാണിത്. പാലാരിവട്ടം പാലം നിര്‍മിതിയില്‍ അഴിമതിനടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നടപടി സ്വീകരിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്നത്
ഗതാഗതത്തിന് തുറന്ന് കൊടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളിലാണ് പാലങ്ങളില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നത്. ഗുരുതര പ്രശ്നങ്ങള്‍ മൂലം പാലാരിവട്ടം പാലത്തില്‍ ഗതാഗതം നിരോധിച്ചതിന് തുടര്‍ച്ചയായാണ് വല്ലാര്‍പാടം പാലത്തിലും ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്.