മകന്റെ ടി.സി ലഭിക്കാൻ സ്കൂളിലെ പാചകക്കാരിയിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി നിലമ്പൂരിലെ പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്കൂൾ. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത്, വിദ്യാർത്ഥി പത്താം ക്ലാസ് കഴിഞ്ഞ് സ്കൂൾ മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് പലിശ സഹിതം തുക ഈടാക്കിയത്. കടം വാങ്ങി പണമടച്ച അമ്മ ഇപ്പോഴും കടം വീട്ടാനുള്ള നെട്ടോട്ടത്തിലാണ്.
മകന് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ഈ അമ്മയുടെ സ്വപ്നം പക്ഷേ, കടക്കെണിയിലാണ് എത്തിച്ചത്. പാലുണ്ടയിലെ ഗുഡ്ഷെപ്പേർഡ് സ്കൂളിൽ പാചകതൊഴിലാളിയായി ചേർന്നപ്പോൾ, മകന് സ്കൂൾ അധികൃതർ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്തു. പക്ഷേ, അതൊരു കടമ്പയാകുമെന്ന് ഈ അമ്മ പിന്നീടാണ് അറിഞ്ഞത്. പത്താംക്ലാസ് കഴിഞ്ഞ് വിടുതൽ സർട്ടിഫിക്കറ്റനായി മാത്രം ഒരു ലക്ഷം രൂപ സംഘടിപ്പിക്കാൻ പലരിൽ നിന്നായി ഈ അമ്മ കടം വാങ്ങി. മകന്റെ ടി സി വാങ്ങി മറ്റൊരു സ്കൂളിൽ ചേർത്തെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും കടം ബാക്കി.
സ്വന്തമായി വീട് പോലുമില്ലാത്ത ഈ വിധവക്ക് മകനായിരുന്നു എല്ലാ സ്വപ്നവും പ്രതീക്ഷയും. മകന്റെ വിദ്യാഭ്യാസത്തിന്റെ പേരിൽ ചൂഷണത്തിനിരയായ ഇപ്പോൾ ഇപ്പോൾ ജില്ലാ കലക്ടർക്കും പൊലീസിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ വ്യക്തമാക്കുന്നു.