Kerala

സ്വർണ വ്യാപാരികളുടെ പോര് ശക്തം, സ്വർണാഭരണങ്ങൾക്ക് സംസ്ഥാനത്ത് രണ്ട് വില

സ്വര്‍ണാഭരണ വ്യാപാരികളുടെ സംഘടനകള്‍ തമ്മിലുളള പോര് മുറുകിയതോടെ സംസ്ഥാനത്ത് സ്വര്‍ണ വിപണിയിലും പ്രതിഫലിച്ചു. പവന് 800 രൂപയുടെ വ്യത്യാസമാണ് ഇരു സംഘടനകളും പ്രഖ്യാപിച്ച നിരക്കിലുളളത്. അനധികൃത സ്വര്‍ണമാണ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം. എന്നാൽ ഈ വാദത്തെ ഖണ്ഡിച്ച് തങ്ങളുടേതാണ് യഥാര്‍ത്ഥ വിലയെന്നാണ് വില കുറച്ച് വിൽക്കുന്നവരുടെ നിലപാട്.

ഓള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ച നിരക്ക് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയാണ് വില. ഈ സംഘടനയില്‍ നിന്ന് വിഘടിച്ച് നില്‍ക്കുന്നവര്‍ ഗ്രാമിന് 4600 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കുന്നത്. ലണ്ടന്‍, മുംബൈ, വിപണികളെയും രൂപയുടെ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്. അത് പ്രകാരം ഇന്ന് ഗ്രാമിന് 4700 രൂപയ്ക്കാണ് സ്വര്‍ണം വില്‍ക്കാന്‍‌ സാധിക്കുകയെന്നും ഇതിനേക്കാള്‍ കുറഞ്ഞവിലയ്ക്ക് സ്വര്‍ണം വില്‍ക്കുന്നുണ്ടെങ്കില്‍ അത് അനധികൃതമാ സ്വര്‍ണമാണെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ മീഡിയ വൺ ഓൺ ലൈനിനോട് പറഞ്ഞു.

കേരളത്തിൽ ഇപ്പോൾ സ്വർണക്കള്ളക്കടത്ത് മായി ബന്ധപ്പെട്ട വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ GST നൽകാതെ എവിടെ നിന്നാണ് ഇത്തരക്കാർക്ക് സ്വർണം ലഭിക്കുന്നതെന്നന്വേക്ഷിക്കണം. ഇത്തരം സ്വർണം ഒരു കാരണവശാലും പരമ്പരാഗത സ്വർണ വിപണിയിൽ വരാൻ അനുവദിക്കില്ല.

നികുതി നൽകി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്വർണ വ്യാപാര രംഗത്തേക്ക് നികുതിയില്ലാതെ എവിടെ നിന്നാണ് ഇവർക്ക് ലഭിക്കുന്നതെന്ന് അന്വേക്ഷിക്കണം. ഇവർക്ക് നേതൃത്വം നൽകുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ ആവശ്യപ്പെട്ടു.

എന്നാല്‍ ഗ്രാമിന് 4600 രൂപയ്ക്ക് സ്വര്‍ണം വില്‍ക്കാന്‌ സാധിക്കുമെന്നും ഓണത്തോടനുബന്ധിച്ച് വില്‍പന നടക്കാന്‍ വേണ്ടിയാണ് ഈ വില പ്രഖ്യാപിച്ചതെന്നും വിഘടിച്ച് നില്‍ക്കുന്ന വിഭാഗത്തിന്‍റേ നേതാവ് ജസ്റ്റിന്‍ പാലത്ര പറയുന്നു.

അതേ സമയം രണ്ട് നിരക്കുകള്‍ വരുന്നത് സ്വര്‍ണവായ്പ എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തിരിച്ചടിയാകും എന്നാണ് സൂചന.