മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കൊച്ചി പൊലീസ് മൂകാംബികയില്‍ എത്തി. പിതാവ് സനു മോഹന്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. സനു മോഹന്‍ മൂകാംബികയില്‍ തങ്ങിയതിന് സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സിസി ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. ഒളിവിലായിരുന്ന പിതാവ് സനു മോഹന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയില്‍ തങ്ങിയിരുന്നതായി കഴിഞ്ഞ ദിവസമാണ് സൂചന ലഭിച്ചത്. ഇയാള്‍ താമസിച്ചിരുന്നത് സ്വകാര്യ ഹോട്ടലിലാണ്. ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചിരുന്നു. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്. ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്‌മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
