Kerala

മുന്നാക്ക സംവരണം; മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കണക്കുകള്‍

ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുന്നാക്ക വിഭാഗത്തിന് നല്‍കേണ്ട 8407 സീറ്റിന് പകരം,16,711 സീറ്റുകളാണ് നീക്കിവെച്ചത്. നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് പിന്നാക്കസംഘടനകള്‍

മുന്നാക്ക സംവരണം നടപ്പാക്കിയത് ഓപ്പണ്‍ മെറിറ്റില്‍ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് കണക്കുകള്‍. ഹയര്‍സെക്കന്‍ററി വിഭാഗത്തില്‍ മുന്നാക്ക വിഭാഗത്തിന് നല്‍കേണ്ട 8407 സീറ്റിന് പകരം,16,711 സീറ്റുകളാണ് നീക്കിവെച്ചത്. മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചെന്ന് പിന്നാക്ക സംഘടനകള്‍ കുറ്റപ്പെടുത്തി. മുന്നാക്ക സംവരണം നടപ്പാക്കിയത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ററി പ്രവേശനത്തിന്‍റെ കണക്കുകള്‍ ഇതിനെ ഖണ്ഡിക്കുന്നുണ്ട്. ഹയര്‍സെക്കന്‍റിയുടെ ആകെ സീറ്റുകള്‍ 16,2815 ആണ്. ഓപ്പണ്‍ മെറിറ്റില്‍ 81407 സീറ്റുകളാണ്. ഇതിന്‍റെ പത്ത് ശതമാനം കണക്കാക്കിയാല്‍ 8140 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിവെക്കേണ്ടത്. എന്നാല്‍ 16711 സീറ്റുകളാണ് മുന്നാക്ക സംവരണത്തിനായി മാറ്റിവെച്ചത്. എം.ബി.ബി.എസില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ചതും ഈ വര്‍ഷം നീക്കി വെച്ചിരിക്കുന്നതും 130 സീറ്റാണ്.

എഞ്ചിനിയറിങ് കോളേജുകളിലും ആകെ സീറ്റീന്‍റെ 10 ശതമാനമാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചെന്ന് പിന്നാക്ക സംഘടനകള്‍ ആരോപിക്കാനുള്ള കാരണം ഇതാണ്. പി. എസ്.സിയുടെ റൊട്ടേഷന്‍ ക്രമം പ്രഖ്യാപിച്ചപ്പോഴും 100 നിയമനം നടത്തിയാല്‍ 10 നിയമനം മുന്നാക്ക സംവരണത്തിനായി മാറ്റിവെക്കുന്ന രീതിയിലാണ്. പൊതുമത്സര വിഭാഗത്തില്‍ നിന്നാകും സംവരണമെന്ന സര്‍ക്കാര്‍ വാഗ്ദാനം ലംഘിക്കപ്പെട്ടുന്ന എന്ന വിലയിരുത്തലാണ് എല്ലാ സംവരണം സമുദായങ്ങള്‍ക്കുമുള്ളത്.