India Kerala

വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം

വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനാവകാശ രേഖ കൈവശമുണ്ടായിട്ടും കാട്ടിക്കുളത്ത് അരണപ്പാറ മധ്യപ്പാടിയിലെ പട്ടികവർഗ്ഗ കുടുംബത്തിന്റെ വീടു പണി വനംവകുപ്പ് തടസ്സപ്പെടുത്തിയതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസ് കയ്യേറാനൊരുങ്ങുകയാണ് ആദിവാസി കുടുംബങ്ങൾ.

അരണപ്പാറ മധ്യ പാടിയിൽ 21 വീടുകളുണ്ട്. മിക്ക വീടുകളുടെയും പണി പൂർത്തിയായിട്ടുമുണ്ട്. കൂട്ടത്തിൽ വനാവകാശ രേഖ കൈവശമുണ്ടായിട്ടും മധ്യപാടിയിലെ ബാലൻറെ വീട് പണിയാണ് വനംവകുപ്പ് തടസ്സപ്പെടുത്തിയത്. നേരത്തെ മല്ലികപാറ കുന്നിൽ താമസിച്ചിരുന്ന ബാലനെയും കുടുംബത്തെയും കാട്ടാന ശല്യം രൂക്ഷമായതിനെത്തുടർന്ന് വനംവകുപ്പ് തന്നെയാണ് മധ്യപ്പാടിയിലേക്ക് മാറ്റിയത്. പിന്നീട് വീടുപണി തടഞ്ഞതോടെ മൂന്നു മക്കൾ അടങ്ങുന്ന ബാലന്റെ കുടുംബം പെരുവഴിയിലായി.

തൊട്ടടുത്ത് ലക്ഷ്മിയുടെ വീട് പണിയും വനംവകുപ്പ് ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തിയിട്ടുണ്ട്. വനാവകാശ രേഖ ഉള്ള കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്ക് ഒന്നരക്കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് റോഡും വൈദ്യുതി സൗകര്യവും ഒരുക്കിയിട്ടും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചാണ് വനം വകുപ്പിൻറെ നോർത്ത് വയനാട് ഡിവിഷൻ വീടുപണി പാതിവഴിയിൽ തടഞ്ഞത് എന്നാണ് നാട്ടുകാരുടെ ആരോപണം.

മധ്യ പാടിയിലെ കാട്ടുനായ്ക്ക കുടുംബങ്ങൾ വസിക്കുന്ന കോളനിക്ക് ചുറ്റും വൻതുക മുടക്കി ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. ജനവാസ മേഖലയായി അംഗീകരിക്കപ്പെട്ട മധ്യ പാടിയിൽ വീട് വെക്കാൻ നടപടി ആയില്ലെങ്കിൽ മാനന്തവാടി ഡിവിഷൻ ഫോറസ്റ്റ് ഓഫീസിൽ കയറി താമസിക്കാൻ തയ്യാറെടുക്കുകയാണ് ഇരു കുടുംബങ്ങളും.