കൊല്ലം ഇളവൂരിലെ ആറ് വയസുകാരി ദേവനന്ദയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഫോറന്‍സിക് സംഘം നാളെയെത്തും. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് വിശദമായ പരിശോധന നടത്താനാണ് സംഘമെത്തുന്നത്. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിച്ചേക്കും.
ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവനന്ദയുടെ മരണത്തിൽ വിശദ പരിശോധന നടത്തി മുന്നോട്ടു പോവുകയാണ് അന്വേഷണ സംഘം. നാളെയെത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സംഘം മൃതദേഹം കണ്ടെത്തിയ ഇത്തിക്കരയാറ്റിലെത്തി പരിശോധന നടത്തും. ഈ ഭാഗത്തേക്കുള്ള ദൂരവും ആറിന്റെ ആഴവും അന്വേഷണസംഘം അളന്നു തിട്ടപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഇളവൂരിലെത്തിയ അന്വേഷണ സംഘം കുട്ടിയുടെ മുത്തച്ഛന്റെയടക്കം മൊഴി വിശദമായി രേഖപ്പെടുത്തി. സമീപവാസികളിൽ ചിലരെ ചോദ്യം ചെയ്യുകയും ചെയ്തു. വിശദ അന്വേഷണം വേണമെന്ന് കുടവട്ടൂരിൽ ദേവനന്ദയുടെ മാതാപിതാക്കളെ കണ്ട ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രദേശത്തെ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ഇന്ന് ലഭിച്ചേക്കും. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന സംശയമാണ് കുടുംബാംഗങ്ങളും നാട്ടുകാരും ഉന്നയിക്കുന്നത്.