ജനുവരി മാസം സർവീസ് നടത്തിയ വകയിൽ ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്
ലോക്ഡൗണിന് ശേഷം ആദ്യമായി കെ.എസ്.ആർ.ടി.സിയുടെ മാസവരുമാനം 100 കോടിയിലെത്തി. ജനുവരി മാസം സർവീസ് നടത്തിയ വകയിൽ ലഭിച്ചത് 100 കോടി 46 ലക്ഷം രൂപയാണ്. എന്നാൽ ജനുവരി മാസത്തെ ശമ്പളവും പെൻഷനും നൽകണമെങ്കിൽ ഇനിയും സർക്കാർ കനിയണം.
കഴിഞ്ഞ 5 മാസമായി സർക്കാർ ധനസഹായത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ നിലനിൽപ്പ്. ഓരോ മാസവും ശമ്പളവും പെൻഷനുമായി 133 കോടി രൂപയാണ് സർക്കാർ സഹായം. ലോക്ഡൗണിൽ കിതച്ചു പോയ ആനവണ്ടിക്ക് ജൂലൈ മാസത്തിൽ ഓടിക്കിട്ടിയത് 21.38 കോടി മാത്രമായിരുന്നു. അവിടെ നിന്നാണ് ജനുവരി മാസത്തിൽ 100 കോടി കളക്ഷൻ നേടിയത്. 5000 സർവീസുകൾ ഉണ്ടായിരുന്നയിടത്ത് ഇപ്പോൾ 3200 സർവീസുകളേയുളളു.
കൂടുതൽ സർവീസുകൾ ആരംഭിക്കുമ്പോൾ പഴയ പ്രതിമാസ ശരാശരി വരുമാനമായ 180 കോടി രൂപയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ. വരുമാനം വർധിച്ചെങ്കിലും ജനുവരി മാസത്തെ ശമ്പളം നൽകിയിട്ടില്ല. സ്വിഫ്റ്റ് കമ്പനി രൂപീകരണം വൈകുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടി ധനവകുപ്പ് ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്.