Kerala

ലോക്ഡൗണില്‍ വലഞ്ഞ ലക്ഷദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം

ലോക്ഡൗണില്‍ വലഞ്ഞ ലക്ഷദ്വീപില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം. ട്രിപ്പില്‍ ലോക്ഡൗണുള്ള നാലു ദ്വീപുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളോ റേഷന്‍ കടയോ തുറക്കുന്നില്ല. സർക്കാർ ഭാഗത്ത് നിന്ന് ഭക്ഷ്യ വസ്തുകള്‍ വിതരണം ചെയ്യാത്തതോടെ ലക്ഷദ്വീപ് നിവാസികള്‍ കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് വ്യാപനം പരിഗണിച്ച് കഴിഞ്ഞ മാസം 7 മുതല്‍ ലക്ഷദ്വീപില്‍ ലോക്ഡൗണാണ്. രോഗവ്യാപനം രൂക്ഷമായ കവരത്തി, ആന്ത്രോത്ത്, അമിനി, കല്‍പേനി ദ്വീപുകളില്‍ ഈ മാസം 17 മുതല്‍ ട്രിപ്പിള്‍ ലോക് ഡൗണും പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ലോക്ഡൗണുള്ള സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പോലും തുറന്നു പ്രവർത്തിക്കാന്‍ അനുമതിയില്ല. റേഷന്‍ കടകള്‍ കൂടി അടച്ചതോടെയാണ് ഭക്ഷ്യ വസ്തുക്കള്‍ കിട്ടാത്ത അവസ്ഥിയലേക്ക് ദ്വീപ് എത്തിചേർന്നത്.

കേരളത്തിലടക്കം മറ്റു സംസ്ഥാനങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണുള്ള സ്ഥലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കാന്‍ അവസരം ലഭിച്ചിരുന്നു. കേരളത്തില്‍ റേഷന്‍കടകള്‍ വഴി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത് ജനങ്ങള്‍ക്ക് സഹായകരമാവുകയും ചെയ്തു. കേരള മാതൃകയില്‍ ലക്ഷദ്വീപ് ഭരണകൂടവും ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നാണ് ദ്വീപുകാരുടെ ആവശ്യം.