കൂടത്തായി കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മുഖ്യപ്രതി ജോളിയും എം.എസ് മാത്യുവും അഞ്ച് കേസുകളിലും പ്രതികളാവും. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന് പുറമെയാണ് മറ്റ് അഞ്ച് കൊലപാതകങ്ങളിലും പ്രത്യേകം കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തത്.
കേസിലെ പരാതിക്കാരനായ റോജോയും സഹോദരി റെഞ്ചിയും അന്വേഷണസംഘത്തിന് മുമ്പാകെ ഇന്നും മൊഴി നൽകുന്നുണ്ട്. വടകര റൂറൽ എസ്പി ആസ്ഥാനത്താണ് ഇന്നും മൊഴിയെടുക്കൽ തുടരുന്നത്. റോയി തോമസിൻറെ രണ്ട് മക്കളും മൊഴി നൽകാനെത്തി. കഴിഞ്ഞ ദിവസം 10 മണിക്കൂറോളം മൊഴി നൽകിയതിന്റെ തുടർച്ചയായാണ് ഇന്നത്തെ മൊഴിയെടുപ്പ്.
അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്.പി കെ.ജി സൈമണും വിദഗ്ധസംഘം മേധാവി എസ്.പി ദിവ്യ വി ഗോപിനാഥും കൂടിക്കാഴ്ച നടത്തി. പ്രാഥമിക പരിശോധനയിൽ ലഭ്യമായ തെളിവുകൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.
ശാസ്ത്രീയ പരിശോധനകളുടെ ഭാഗമായി ഇതുവരെ കണ്ടെടുത്ത തെളിവുകൾ കോടതിയിൽ ഹാജരാക്കാനായി ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആസ്ഥാനത്തു നിന്നും കൊണ്ടുപോയി. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് കട്ടപ്പനയിലെ ജോത്സ്യൻ കൃഷ്ണകുമാറിനെ ചോദ്യം ചെയ്യാനായി പയ്യോളിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി.