Kerala

ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയിട്ട് ഒരുവര്‍ഷം; രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍

തുടര്‍ഭരണം എന്ന ചരിത്രനേട്ടത്തോടെ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍. സില്‍വര്‍ലൈനിലൂടെ വികസന വിപ്ലവം സ്വപ്‌നം കണ്ട് മുന്നോട്ടുപോകുന്ന സര്‍ക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ വിധിയെഴുത്ത് കൂടിയാകുമെന്നതിനാല്‍ കര പിടിക്കാന്‍ സര്‍വ ശക്തിയുമെടുത്ത് പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ഇടതുമുന്നണി.

സര്‍ക്കാര്‍ ഭരണനേട്ടത്തിനുള്ള അംഗീകാരം തൃക്കാക്കരയിലെ ജനങ്ങള്‍ നല്‍കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതൃത്വമുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തൃക്കാക്കരയില്‍ നൂറുമേനി കൊയ്‌തെടുക്കാനാകുമന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധങ്ങളെ ഏതുവിധത്തിലാണ് പ്രതിരോധിക്കേണ്ടതെന്നത് സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാരിനെ വലയ്ക്കുന്നുണ്ട്. തൃക്കാക്കരയെ നൂറ് സീറ്റ് നേടാനുള്ള സുവര്‍ണാവസരമായാണ് തങ്ങള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് സര്‍ക്കാരിന് മുന്നില്‍ വലിയ അഭിമാനപ്രശ്‌നം തന്നെയാകുന്നുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ അടുത്ത മാസം രണ്ടാം തിയതിയാണ് വാര്‍ഷികാഘോഷങ്ങള്‍ നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിച്ച് കഴിഞ്ഞ സര്‍ക്കാരിലെ മറ്റ് മന്ത്രിമാരെയെല്ലാം മാറ്റി പുതുമോടിയോടെയായിരുന്നു രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടക്കം. രാജ്യമെങ്കും കൊവിഡ് കേസുകള്‍ കുറഞ്ഞ് നില്‍ക്കുമ്പോഴും കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ആശങ്കകളായിരുന്നു സര്‍ക്കാരിന് മുന്നില്‍ ആദ്യം വെല്ലുവിളി ഉയര്‍ത്തിയിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളും പിന്നാലെ വന്നു. എന്ത് വിലകൊടുത്തും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കരയില്‍ ജയിക്കാനായാല്‍ സില്‍വര്‍ലൈന് വേഗം കൂടും. ഈ പ്രതീക്ഷയില്‍ കരയില്‍ തന്നെ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രിയും മറ്റ് ഇടത് ജനപ്രതിനിധികളും.