Kerala

ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി

ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കൊവിഡ് കാലത്തുണ്ടായ പ്രതിസന്ധി നേരിടാന്‍ കേന്ദ്രനയം സഹായകമല്ലെന്നായിരുന്നു ധനമന്ത്രിയുടെ വിമര്‍ശനം. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ല എന്നു മാത്രമല്ല, സംസ്ഥാനങ്ങളെ ഇടപെടുന്നതില്‍ നിന്നും വിലക്കുകയുമാണ്. ജിഎസ്ടി നടപ്പിലായതോടു കൂടി സംസ്ഥാനങ്ങളുടെ നികുതി അധികാരം ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. കൊവിഡ് കാലത്ത് സമ്പദ്ഘടനയ്ക്കും പൗരന്മാര്‍ക്കും ഉണ്ടായ ക്ഷീണവും നഷ്ടവും പരിഹരിയ്ക്കാന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായേ മതിയാകു. ജനങ്ങളുടെ കൈയിലേക്ക് പണം എത്തിച്ച് സമ്പദ്ഘടനയിലെ ഡിമാന്റ് വര്‍ധിപ്പിക്കണമെന്നും പറഞ്ഞു.

കൊവിഡ് കാലത്തും കോര്‍പ്പറേറ്റ് പ്രീണനങ്ങള്‍ തുടരാനാണ് ഭരണകൂടങ്ങള്‍ തയാറായത്. സമ്പത്ത് ഘടനയില്‍ അഭൂതപൂര്‍ണ്ണമായ മാന്ദ്യവും തകര്‍ച്ചയും ഉണ്ടായ മഹാമാരി കാലത്ത് കോര്‍പ്പറേറ്റുകളുടെ ലാഭം റിക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയര്‍ന്നു. അസമത്വം പെരുകി. സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കുകയും ചെയ്യുന്ന ഈ നയങ്ങള്‍ ഏറ്റവും ക്രൂരമായി നടപ്പിലാക്കപ്പെട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. അസമത്വത്തിന്റെയും ദാരിദ്രത്തിന്റെയും ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ ലജ്ജാകരമായ അവസ്ഥയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.