Kerala

ഓളങ്ങൾ, യാത്ര എന്നീ സിനിമകളുടെ നിർമ്മാതാവ് ജോസഫ് എബ്രഹാം അന്തരിച്ചു

നിർമ്മാതാവ് ജോസഫ് എബ്രഹാം കോട്ടയത്ത് അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഓളങ്ങൾ, യാത്ര, ഊമക്കുയിൽ, കൂടണയും കാറ്റ് എന്നീ ജനപ്രിയ സിനിമകളുടെ നിർമ്മാതാവായിരുന്നു. ഏറെക്കാലമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ​ഗസ്റ്റ് ഹൗസിന് സമീപമുള്ള വസതിയിലായിരുന്നു താമസം. ശനിയാഴ്ച്ചയായിരിക്കും സംസ്കാരമെന്ന് അടുത്ത ബന്ധുക്കൾ അറിയിച്ചു.

ബാലു മഹേന്ദ്ര സം‌വിധാനവും തിരക്കഥയും നിർവഹിച്ച് മമ്മൂട്ടി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രമാണ് 1985ൽ പുറത്തിറങ്ങിയ യാത്ര. ജോൺ പോളാണ് കഥയും സംഭാഷണവും എഴുതിയത്. അടിയന്തരാവസ്ഥക്കാലത്ത് പൊലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് യാത്രയുടെ പ്രമേയം. കുറ്റവാളിയായ ഉണ്ണികൃഷ്ണൻ (മമ്മൂട്ടി) ജയിൽ മുക്തനായി പോകും‌വഴി സ്കൂൾ ബസ്സിലെ തന്റെ സഹയാത്രികരോടായി പറയുന്ന സംഭവങ്ങളിലൂടെയാണ്‌ കഥയുടെ ചുരുളഴിയുന്നത്.

എറിക് സൈ​ഗളിന്റെ കഥയിൽ ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1982ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ഓളങ്ങൾ.