വടകരയില്‍ മത്സരിക്കാന്‍ സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തരുതെന്ന് എ.ഐ.സി.സിയിലേക്ക് സന്ദേശ പ്രവാഹം. മുല്ലപ്പള്ളിയെ തന്നെ മത്സരിപ്പിക്കണമെന്ന് ആര്‍.എം.പി ആവശ്യപ്പെട്ടതായാണ് സൂചന.
വടകരയില്‍ ദുര്‍ബല സ്ഥാനാര്‍ഥി പാടില്ലെന്ന് മലബാറിലെ യുഡി.എഫ് സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടു. ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിക്കും. വടകരയില്‍ ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥികള്‍ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചു.
വയനാട് ടി സിദ്ദിഖ് സ്ഥാനാര്‍ഥിയായേക്കും. മുല്ലപ്പള്ളിയും സിദ്ദിഖും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുകയാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നുവെന്ന് അടൂര്‍ പ്രകാശ് ഫേസ് ബുക്കില്‍ കുറിച്ചു.
അതിരൂപതയിലെ ഭൂമിയിടപാടിൽ സീറോ മലബാര്‍ സഭയില്‍ വീണ്ടും വിവാദം. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ സഭ മുഖപത്രമായ സത്യദീപം പത്രാധിപർ ഫാദർ പോൾ തേലക്കാട്ട് ശ്രമിച്ചുവെന്നാരോപിച്ച് പൊലീസ് കേസെടുത്തതോടെയാണ് ഭൂമി വിവാദം വീണ്ടും ചർച്ചയാകുന്നത്.
സീറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെ ഇന്നലെയാണ് തൃക്കാക്കര പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ മെത്രാന്‍ സിനഡില്‍ സമര്‍പ്പിച്ച് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് എഫ്.ഐ.ആര്‍. ജോബി മാപ്രക്കാവലാണ് പരാതിക്കാരന്‍. കഴിഞ്ഞ ജനുവരി ഏഴു മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്‌റ്റേറ്റുമെന്റുകള്‍ സമര്‍പ്പിച്ചതെന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.
എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ നിന്നും തൃക്കാക്കര പോലിസിലേക്ക് കേസ് കൈമാറുകയായിരുന്നു. സിനഡ് നടന്ന കാക്കനാട് സെന്റ് തോമസ് മൗണ്ട് തൃക്കാക്കര പോലിസിന്റെ പരിധിയിലായതിനാലാണ് കേസ് കൈമാറിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഫാ .പോള്‍ തേലക്കാട്ടിന്റെ പ്രതികരണം. ഫാ.പോള്‍ തേലക്കാട്ടിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്നാണ് സഭ സുതാര്യത സമിതി നേതാക്കളുടെയും പ്രതികരണം. ഫാ.പോള്‍ തേലക്കാട്ടിന് ലഭിച്ച രേഖകളുടെ സത്യാവസ്ഥ പരിശോധിക്കാനാണ് അദ്ദേഹം അത് സിനഡിന് കൈമാറിയതെന്നാണ് വിവരം. ലഭിച്ച രേഖകള്‍ ഒരു വിധത്തിലും ഫാ. പോള്‍ തേലക്കാട്ട് പരസ്യപ്പെടുത്തുകയോ മാധ്യമങ്ങള്‍ക്ക് നല്‍കുകയോ ചെയ്തിട്ടില്ലെന്നിരിക്കെ ഇപ്പോൾ നടക്കുന്ന നീക്കം ഗൂഢാലോചനയാണെന്നാണ് ആരോപണം.