കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സമരങ്ങള്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മാസം 18ന് കുമളിയില്‍ നിന്ന് ഇടുക്കി കലക്ട്രേറ്റിലേക്ക് യു.ഡി.എഫ് ലോംഗ് മാര്‍ച്ച് നടത്തും. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കട്ടപ്പനയില്‍ നടത്തിയ ഏക ദിന ഉപവാസത്തിന് ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാനെന്ന വ്യാജേന പ്രത്യേക മന്ത്രിസഭായോഗത്തിന് ശേഷം കൈക്കൊണ്ട തീരുമാനങ്ങള്‍ തട്ടിപ്പാണ്. കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപവരെയുള്ള കാര്‍ഷിക കാര്‍ഷികേതര വായ്പകള്‍ സര്‍ക്കാര്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ആവശ്യം ഉന്നയിച്ച് യു.ഡി.എഫ് സമരപരിപാടികള്‍ തുടരും.
പ്രളയശേഷം തകര്‍ന്നു പോയ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഒന്നുംചെയ്തിട്ടില്ല. പ്രളയശേഷമെങ്കിലും കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പകള്‍ അനുവദിച്ചിരുന്നവെങ്കില് എട്ട് കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നു. ബജറ്റില്‍ മാറ്റിവയ്ക്കാത്ത 5000 കോടി രൂപയുടെ പാക്കേജ് മാനത്ത് നിന്ന് പൊട്ടിവീണതാണ്. കര്‍ഷകരെ മുഖ്യമന്ത്രി കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഏകദിന ഉപവാസത്തിന്റെ സമാപനം കേരളാ കോണ്‍ഗ്രസ് എം.വര്‍ക്കിംഗ് ചെയര്മാന് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു