മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം. അപകടമുണ്ടാക്കിയത് പ്രദീപിന്‍റെ പിന്നില്‍ വന്ന ടിപ്പറാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചതായി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി. ഗോപിനാഥ് പറഞ്ഞു.
തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണ് മാധ്യമ പ്രവര്‍ത്തകനായ എസ്.വി പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. സിസി ടിവി ദൃശ്യങ്ങളില്‍ പ്രദീപിന്‍റെ സ്കൂട്ടറിന്‍റെ പിന്നില്‍ ടിപ്പര്‍ ലോറി വരുന്നത് കാണാം. ഇതേ വാഹനമാണ് അപകടമുണ്ടാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. അപകട ശേഷമുള്ള ദൃശ്യങ്ങളിലും ടിപ്പര്‍ വേഗത്തില്‍ പോകുന്നത് വ്യക്തം. സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദീപിന്‍റെ കുടുംബം രംഗത്തെത്തി. പ്രദീപിന് സമൂഹമാധ്യമങ്ങളിലടക്കം ഭീഷണിയുണ്ടായിരുന്നതായി അമ്മ വസന്ത കുമാരി പറഞ്ഞു.
വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അപകടത്തില്‍ സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഫോർട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഡിസിപി ദിവ്യ വി ഗോപിനാഥ് അറിയിച്ചു.