”ഇഡിയോടാണ് സ്വപ്ന ഈക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള ആവശ്യങ്ങള്‍ക്ക് ശിവശങ്കറിനെ ബന്ധപ്പെടാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്”
മുഖ്യമന്ത്രിയുമായി യുഎഇ കോണ്‍സുലേറ്റ് ജനറല്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. നയതന്ത്രബാഗില്‍ 21 വട്ടം സ്വര്‍ണം കടത്തി.
പ്രളയത്തില്‍ നശിച്ച വീടുകളുടെ നവീകരണത്തിന് കമ്മീഷന്‍ വാങ്ങിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മൊഴിയുടെ പകര്‍പ്പ് മീഡിയാവണ്‍ പുറത്തുവിട്ടു. സ്വപ്ന സുരേഷനിയോ സ്വപ്നയുടെ നിയമനമോ അറിയില്ലെന്ന് നിലപാടെടുത്ത മുഖ്യമന്ത്രിയെ വെട്ടിലാക്കുന്നതാണ് സ്വപ്ന എന്‍ഫോഴ്സ്മെന്‍റിനോട്
വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍. 2017 ല്‍ മുഖ്യമന്ത്രിയുമായി നടന്ന സ്വകാര്യ കൂടിക്കാഴ്ചകളിലൊന്നിനെ കുറിച്ചാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ക്ലിഫ് ഹൌസില്‍ വെച്ച് യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും താനും തമ്മില്‍ കൂടിക്കാഴ്ച നടന്നു. യു.എ.ഇ കോണ്‍സലേറ്റും സര്‍ക്കാരും തമ്മിലുള്ള കാര്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് ശിവശങ്കറിനെയാണെന്ന് മുഖ്യമന്ത്രി തന്നെ അറിയിച്ചു. ഇതിന് ശേഷമാണ്
ശിവശങ്കറും താനും തമ്മില്‍ അടുത്ത പരിചയത്തിലാകുന്നത്. കോണ്‍സുലേറ്റില്‍ ജീവനക്കാരിയായതുമുതല്‍ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്താനുള്ള പദ്ധതി സന്ദീപ് വഴി റമീസാണ് മുന്നോട്ട് വെയ്ക്കുന്നത്. 2019 നവംബര്‍ മുതല്‍ നയതന്ത്ര ബാഗേജിലൂടെ 21 തവണ സ്വര്‍ണ്ണം കടത്തി. 27 ലക്ഷം രൂപ തനിക്ക് മാത്രം കമ്മീഷന്‍ ലഭിച്ചു. ആകെ 166 കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് തന്‍റെ അറിവ്. അവസാനത്തെ രണ്ട് കണ്‍സൈന്‍മെന്‍റുകള്‍ക്കായി 1500 യു.എസ് ഡോളര്‍ യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിന്‍ അറ്റാഷെ റഷീദ് ഖാമിസിന് നല്‍കിയെന്നുമാണ് സ്വപ്നയുടെ മൊഴി. സ്വപ്നയ്ക്ക് 56 ലക്ഷം രൂപയുടെ 16 ടേം ഡെപ്പോസിറ്റുകള്‍ മൂന്ന് ബാങ്കുകളിലായുണ്ട്.
നിക്ഷേപങ്ങള്‍ എവിടെ നിന്നാണെന്ന ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഇടപാടുകളിലെ കമ്മീഷന്‍ എന്നാണ് സ്വപ്ന മറുപടി പറഞ്ഞിരിക്കുന്നത്. കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് കരാറുണ്ടായിരുന്ന യു.എ.എഫ്.എക്സ് സൊലൂഷന്‍സ്, ഫോര്‍ത്ത് ഫോഴ്സ് എന്നീ കമ്പനികള്‍ക്ക് പുറമെ 2018ലെ പ്രളയത്തിന് ശേഷം 150 വീടുകളുടെ നവീകരണത്തിനും, ലൈഫ് മിഷന്‍ പദ്ധതിയിലുമായി കമ്മീഷന്‍ ലഭിച്ചെന്നും സ്വപ്നവെളിപ്പെടുത്തി. തിരുവനന്തപുരത്ത് രണ്ട് ബാങ്കുകളില്‍ ലോക്കറുകളുള്ളതില്‍ ഒരെണ്ണത്തില്‍ 120 പവന്‍ സ്വര്‍ണ്ണമുണ്ടെന്നും മൊഴിയിലുണ്ട്.