India Kerala

കോവിഡ് വ്യാപന ഭീഷണി: എറണാകുളം ജാഗ്രതയില്‍

കോവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് കൊച്ചി നഗരവും ചെല്ലാനം ഗ്രാമപഞ്ചായത്തും അതീവ ജാഗ്രതയില്‍. ചെല്ലാനത്ത് രോഗലക്ഷണങ്ങളുള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച കൂടുതല്‍ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും.

മത്സ്യതൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചെല്ലാനം ഹാര്‍ബര്‍‌ അടച്ചുപൂട്ടുകയും ഗ്രാമപഞ്ചായത്തിലെ 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റുകയും ചെയ്തിരുന്നു. 17,18 വാര്‍ഡുകളില്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ചെല്ലാനത്തെ രോഗി ചികിത്സ തേടിയ കോര്‍ട്ടീസ് ആശുപത്രി അടച്ചുപൂട്ടുകയും ജില്ലാ ആശുപത്രിയിലെ 72 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാംലെയര്‍‌ ജീവനക്കാരെ ആശുപത്രിയില്‍‌ ജോലിക്കായി നിയോഗിച്ചിട്ടുണ്ട്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ചെല്ലാനത്തെ ഉറവിടം സംബന്ധിച്ച് വ്യക്തത വരാത്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍‌ദേശം നല്‍കിയിട്ടുണ്ട്.

11 പേര്‍ക്കാണ് മാര്‍ക്കറ്റിലെ രോഗിയുമായുള്ള സമ്പര്‍ക്കത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 132 പേരുടെ സാമ്പിള്‍ ശേഖരിച്ചതില്‍ ലഭിച്ച 9 റിസല്‍റ്റും നെഗറ്റീവാണ് എന്നത് ആശ്വാസം നല്‍കുന്നുണ്ട്. എറണാകുളം ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് 183 പേരാണ് ചികിത്സയിൽ കഴിയുന്നത്.