അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് ജന്മനാടിന്റെ അന്ത്യാജ്ഞലി. തലശ്ശേരി ടൗണ്‍ ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം, ഉച്ചയ്ക്ക് 12 മണിയോടെ മട്ടമ്ബ്രം ലാലാ ശഹ്ബാസ് മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം.
മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ എരഞ്ഞോളി മൂസ വഹിച്ച പങ്ക് വ്യക്തമാക്കുന്നതായിരുന്നു, പൊതുദര്‍ശനത്തിന് എത്തിയ ആള്‍ക്കൂട്ടം.
രാവിലെ 9 മണിയോടെ ഭൗതികദേഹം തലശ്ശേരി ടൗണ്‍ഹാളില്‍ എത്തിച്ചു. 11 മണി വരെ പൊതു ദര്‍ശനം നീണ്ടു. സമൂഹത്തിന്റെ വിവിധ തുറയിലുള്ളവര്‍ എരഞ്ഞോളി മൂസയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തി.
മുഖ്യമന്ത്രിക്ക് വേണ്ടി ധര്‍മ്മടം മണ്ഡലം പ്രതിനിധി പി ബാലന്‍, സംസ്ഥാന സര്‍ക്കാറിന് വേണ്ടി കണ്ണൂര്‍ സബ് കളക്ടര്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു, ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, മാപ്പിളപ്പാട്ട് ഗായകര്‍, പാട്ട് എഴുത്തുകാര്‍, ചലച്ചിത്ര താരം ഇന്ദ്രന്‍സ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.
സി പി ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, എ എന്‍ ഷംസീര്‍ എം എല്‍ എ വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരും ടൗണ്‍ഹാളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌ക്കാരം
തലശ്ശേരി മട്ടമ്ബ്രം ലാലാ ശഹ്ബാസ് മസ്ജിദിലെ മയ്യത്ത് നമസ്‌ക്കാരത്തിന് ശേഷം ഖബറടക്കം നടന്നു. എരഞ്ഞോളി മൂസയോടുള്ള ആദരസൂചമായിഉച്ചയ്ക്ക് ഒരു മണി വരെ തലശ്ശേരിയില്‍ കടകമ്ബോളങ്ങള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് എരഞ്ഞോളി മൂസ അന്തരിച്ചത്.