India Kerala

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് സംസ്ഥാനത്തെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും, രണ്ട് കമ്മീഷണര്‍മാരും 15- ആം തീയതി വരെ കേരളത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി കമ്മീഷന്‍ നാളെ ചര്‍ച്ച ചെയ്യും.

അടുത്താഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കരുതുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുശീൽ ചന്ദ്രയും, രാജീവ് കുമാറും മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനത്ത് എത്തുന്നത്.

ഇന്ന് രാത്രി കേരളത്തിലെത്തുന്ന സംഘം നാളെ മുതല്‍ ഔദ്യോഗികമായി ചര്‍ച്ചകള്‍ നടത്തും. നാളെ രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുമായും പോലീസ് നോഡൽ ഓഫീസറുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. 11 മണിക്കാണ് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തുന്നത്. പോളിംങ് സമയം വര്‍ധിപ്പിക്കണം, റംസാന്‍ നോമ്പിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണം, കള്ളവോട്ട് തടയാന്‍ കര്‍ശന നടപടികള്‍ വേണം തുടങ്ങിയ ആവശ്യങ്ങള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ കമ്മീഷന് മുന്നിലേക്ക് വെയ്ക്കും.

വൈകിട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ്.പി മാരുമായും ചർച്ച നടത്തും. 14ന് രാവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച ഉണ്ടാകും. വൈകിട്ട് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. മറ്റെന്നാള്‍ വൈകിട്ട് അഞ്ചുമണിക്ക് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. 15ന് രാവിലെ കമ്മീഷന്‍ ഡൽഹിയിലേക്ക് മടങ്ങിയ ശേഷം അടുത്താഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.