Kerala

എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവം; സർക്കാരിന്റെ അപ്പീൽ മാറ്റി

തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യവിചാരണ ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ ജൂൺ മൂന്നിലേക്ക് മാറ്റി. സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അപ്പീൽ ജൂൺ മാസത്തിലേക്ക് മാറ്റിയത്. ചെയ്യാത്ത കുറ്റത്തിന് പരസ്യ വിചാരണ നേരിട്ട എട്ടുവയസുകാരിക്ക് നഷ്ട പരിഹാരം നൽകാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഉദ്യോ​ഗസ്ഥയുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച്ചയ്ക്ക് സർക്കാരിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലാണ് ​ഗവൺമെന്റ്.

ആറ്റിങ്ങലിലാണ് മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവം നടന്നത്. ഐ.എസ്.ആര്‍ഒയുടെ ഭീമന്‍ വാഹനം വരുന്നത് കാണാന്‍ എത്തിയതായിരുന്നു തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവര്‍ നില്‍ക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിന്റെ വാഹനവും പാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെയാണ് മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ തന്നോടും മകളോടും മോശമായി പെരുമാറിയതെആരോപണ വിധേയായ പൊലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷ ഭാഷയിൽ കോടതി നേരത്തേ വിമർശിച്ചിരുന്നു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു.

ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. കാണാതായ മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നു തന്നെ കണ്ടെത്തിയിരുന്നു.