കഴിഞ്ഞ പ്രളയത്തില്‍ ഇടമലക്കുടി ആദിവാസിക്കുടിയിലേക്കുള്ള റോഡ് പൂർണമായും തകർന്നതോടെ ആദിവാസികുടികള് ഒറ്റപ്പെട്ട അവസ്ഥയിലാണ്. രോഗികളായവരെ മുളകെട്ടി ചുമന്ന് മണിക്കൂറുകള്‍ ഉള്‍ക്കാടും മലനിരയും സഞ്ചരിച്ചാണ് ആശുപത്രികളില്‍ എത്തിക്കുന്നത്. വനംവകുപ്പ് നടപടികള്‍ ഇഴയുന്നതാണ് റോഡ് പുനർനിർമാണം വൈകാന്‍ കാരണമെന്ന് ഇടമലകുടി നിവാസികള്‍ പറയുന്നു. ഇവരുടെ ദുരിതം ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇടമലക്കുടിയിലെ ആദിവാസി കുടികളില് നിന്ന് രോഗികകളായവരെ മൂന്നാറിലേക്കോ തമിഴ്നാട് അതിർത്തിയിലുള്ള ആശുപത്രിയിലേക്കോ എത്തിക്കണമെങ്കില് മണിക്കൂറുകള് ഉള്‍വനം താണ്ടിവേണം പുറംലോകമെത്താന്‍. പഞ്ചായത്ത് അംഗം ഉള്പ്പെടയുള്ളവർ രോഗിയെയും ചുമന്ന് മണിക്കൂറുകളോളം വനത്തിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണിത്. രാജ്യത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി വനമേഖലയിലെ സൊസൈറ്റി കുടിയില്നിന്ന് മൂന്നാറിലെയൊ, അടിമാലിയിലെയോ ആശുപത്രിയിലേക്ക് എത്തേണ്ട പ്രധാന വഴി പ്രളയത്തില് പൂർണമായും തകർന്നതോടെയാണ് ഇടമലക്കുടിയ നിവാസികള്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായത്
ഒരാഴ്ചക്കിടെ കടുത്തപനിബാധിച്ച് അവശനായ ആദിവാസി യുവാവിനെ ചുമന്ന് രണ്ടര മണിക്കൂർ വനം കടന്നാണ് തമിഴ്‍നാട് അതിർത്തിക്കടുത്ത് വാല്‍പാറയിലെ ആശുപത്രിയിലെത്തിച്ചത്. ഇതിനുപിന്നാലെ നെഞ്ചുവേദനയെതുടർന്ന് മുളകുതറകുടിയിലെ രോഗിയെയും കൊണ്ട് എട്ട് പേരടങ്ങുന്ന സംഘം മാറിമാറിയാണ് രണ്ടര മണിക്കൂർ അപകടം നിറഞ്ഞ കൊടുംവനത്തിലൂടെയും ചെങ്കുത്തായ മലയിറങ്ങിയും രോഗികളെ പുറത്തെത്തിച്ചത്. പ്രളയത്തില്‍ തകർന്ന റോഡ് എത്രയും വേഗം പുനർനിർമിച്ച് ജീപ്പ് ഓടാന്‍ കഴിയുന്ന അസ്ഥയുണ്ടാക്കണമെന്നാണ് ഇടമലക്കുടിയുടെ ആവശ്യം. സഞ്ചരിക്കാന്‍ വഴിയില്ലാത്തതിനാല്‍ ഓണാവധിക്കുശേഷം ആദിവാസികുടികളിലെ വിദ്യാർഥികളില് വലിയ വിഭാഗം സ്കൂളുകളിലെത്തിയിട്ടില്ലെന്നും അറിയാന്‍ കഴിയുന്നു.