India Kerala

പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും

അഴിമതിയാരോപണത്തിനോടൊപ്പം പാലാരിവട്ടം മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി എങ്ങും എത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ സഹായം തേടിയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് വുകപ്പ് മന്ത്രിയുമായും ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമായും പാലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ പറ്റിയായിരിക്കും പരിശോധന. ഇ ശ്രീധരന് പുറമെ മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസര്‍ അളകസുന്ദര മൂര്‍ത്തിയും പരിശോധനക്കായി എത്തും. പാലത്തിന്റെ നിര്‍മ്മാണത്തിന്റെ ആരംഭം മുതല്‍ വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സഭയെ അറിയിച്ചിരുന്നു. നിലവിലെ സഹചര്യത്തില്‍ പാലത്തിലെ കോണ്‍ക്രീറ്റിനെ സംബന്ധിച്ചും വിദഗ്ധ പരിശോധന നടത്തും. ഇതിനായി കോണ്‍ക്രീറ്റ് സ്പെഷലിസ്റ്റുകളും ശ്രീധരനൊപ്പം കൊച്ചിയിലെത്തും. കോണ്‍ക്രീറ്റില്‍ വീഴ്ച കണ്ടെത്തിയാല്‍ പാലം പൊളിച്ച് പണിയുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങേണ്ടിവരും.

ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും . ഇതിന്റെ പശ്ചാത്തലത്തിലായിരിക്കും തുടര്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുക. നിലവില്‍ മദ്രാസ് ഐ.ഐ.ടിയുടെ സാങ്കേതിക സഹോയത്തോടെയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. വേഗത്തില്‍ പണിപൂര്‍ത്തിയാക്കി പാലം ഗതാഗതയോഗ്യമാക്കാനാണ് സര്‍ക്കാര്‍ നീക്കം.